തലൈവര്‍ ചിത്രം ഈ ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനമായത്; സ്വര്‍ണക്കള്ളക്കടത്തിന്റെ കഥയുമായി ലോകേഷ്

രജനികാന്ത്-ലോകേഷ് കനകരാജ് കോമ്പോയില്‍ ഒരുങ്ങുന്ന ‘തലൈവര്‍ 171’ ചിത്രം ഒരു ഹോളിവുഡ് സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണ വാച്ച് കൊണ്ടുള്ള വിലങ്ങ് വച്ച് സ്വര്‍ണ ഫ്രെയിമുള്ള കണ്ണട ധരിച്ചാണ് പോസ്റ്ററില്‍ രജനികാന്ത് പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തെ കുറിച്ചുള്ള വലിയൊരു അപ്‌ഡേറ്റ് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

‘ലിയോ’ പോലെ തലൈവര്‍ 171 ചിത്രവും ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2013ല്‍ പുറത്തിറങ്ങിയ ‘ദ പര്‍ജ്’ എന്ന ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ലോകേഷ് തലൈവര്‍ 171 ഒരുക്കുന്നത് എന്നാണ് സൂചനകള്‍.

അമേരിക്കന്‍ ഗവണ്‍മെന്റ് ഒരു രാത്രി എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനത്തിനും അനുവാദം നല്‍കുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് ദ പര്‍ജ് സിനിമ പറഞ്ഞത്. അതേസമയം, ലോകേഷിന്റെ മുന്‍ചിത്രമായ ലിയോ ഹോളിവുഡ് ചിത്രമായ ‘ഹിസ്റ്ററി ഓഫ് വയലന്‍സി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കിയത്.

തലൈവര്‍ 171 ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സില്‍ പെടുന്ന ചിത്രമായിരിക്കില്ല എന്ന് ലോകേഷ് കനകരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. തലൈവര്‍ 171 ഒരു സ്റ്റാന്‍ഡ് എലോണ്‍ ചിത്രമായിരിക്കും എന്നായിരുന്നു ലോകേഷ് പറഞ്ഞത്. എല്‍സിയു സിനിമകളില്‍ പ്രധാനമായും മയക്കുമരുന്ന് കടത്ത് ആണ് പശ്ചാത്തലമാകാറുള്ളത്.

എന്നാല്‍ ഇത്തവണ സ്വര്‍ണ്ണ കള്ളക്കടത്തിന്റെ പശ്ചാലത്തിലാകും കഥ പറയുക. സിനിമയില്‍ രജനികാന്ത് നെഗറ്റീവ് ഷെയ്ഡുള്ള ഒരു ഗോള്‍ഡ് സ്മഗ്ലറിന്റെ വേഷത്തിലാകും എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമയുടെ ഷൂട്ടിംഗ് ഇതുവരെ ആരംഭിച്ചിട്ടില്ല.

Read more