മലയാളത്തില്‍ ഉണ്ടായിരുന്ന 'ബീഫ്' കന്നടയില്‍ 'മട്ടന്‍' ആയി; തല്ലുമാലയിലെ ബീഫിനെ വെട്ടിയ നെറ്റ്ഫ്‌ളിക്‌സിന്റെ സംഘിപ്പേടി! വിവാദം

ടൊവിനോ തോമസ് ചിത്രം ‘തല്ലുമാല’ നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയതോടെ വിവാദങ്ങളാണ് പിന്നാലെ എത്തുന്നത്. ചിത്രത്തിന്റെ കന്നട പതിപ്പില്‍ ബീഫ് എന്നത് വെട്ടിമാറ്റി മടന്‍ എന്നാക്കിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. ഇതാണ് പുതിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

ജംഷിയും വസീമും തമ്മില്‍ പള്ളിയില്‍ വച്ച് നടക്കുന്ന ആദ്യ തല്ലിന് മുമ്പ് സംസാരിക്കുന്ന സമയത്തും, വസീമിന്റെ കല്യാണത്തിന്റെ സമയത്തുമെല്ലാം ബീഫ് പപ്പ്‌സും ബീഫ് ബിരിയാണിയും കടന്നു വരുന്നുണ്ട്. തമിഴിലും തെലുങ്കിലുമെല്ലാം ബീഫ് ബീഫായി കാണിക്കുകയും പറയുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ കന്നടയിലേക്ക് എത്തുമ്പോള്‍ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലെ കന്നട പതിപ്പില്‍ ഡയലോഗിലും സബ്‌ടൈറ്റിലിലും ബീഫില്ല. ബീഫിന് പകരം മട്ടന്‍, കറി എന്നീ വാക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ നെറ്റ്ഫ്‌ളിക്‌സിന്റെ സംഘിപ്പേടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചായാവുകയാണ്.

നെറ്റ്ഫ്ളിക്സിന്റെ ബീഫ് പേടി നേരത്തെയും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. നെറ്റ്ഫ്ളിക്സ് തയ്യാറാക്കിയ സൗത്ത് ഇന്ത്യന്‍ ആന്തം എന്ന പാട്ടില്‍ ‘പൊറോട്ടേം ബീഫും ഞാന്‍ തിന്നും അതികാലത്ത്’ എന്ന നീരജ് മാധവന്റെ മലയാളം റാപ്പ് ‘പൊറോട്ടേം ബി.ഡി.എഫും ഞാന്‍ തിന്നും അതികാലത്ത്’ എന്നാക്കി നെറ്റ്ഫ്‌ളിക്‌സ് മാറ്റിയിരുന്നു.

Read more

‘ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്’ ആണ് തല്ലുമാലയുടെ സബ്‌ടൈറ്റില്‍ ചെയ്തത്. സബ്ടൈറ്റില്‍ ആര്‍ട്ടിസ്റ്റ്, രചയിതാവ്, സംവിധായകന്‍ എന്നിവരുടെ അനുവാദമില്ലാതെയാണ് എഡിറ്റ് ചെയ്തതെന്നും ഇത് അന്യായവും അനീതിയുമാണെന്ന് ഫില്‍ ഇന്‍ ദ ബ്ലാങ്ക്സാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.