'വീടിന് പുറത്തിറങ്ങിയാല്‍ വധിക്കും', കേരള സ്റ്റോറി അണിയറ പ്രവര്‍ത്തകര്‍ക്ക് ഭീഷണി; സുരക്ഷ ഏര്‍പ്പെടുത്തി പൊലീസ്

വിവാദവും പ്രതിഷേധവും ശക്തമായ സാഹചര്യത്തിലും ഗംഭീര കളക്ഷന്‍ നേടിക്കൊണ്ടിരിക്കുകയാണ് ‘ദ കേരള സ്റ്റോറി’. തമിഴ്‌നാട്ടിലും ബംഗാളിലും ചിത്രം ബാന്‍ ചെയ്തിരിക്കുകയാണ്. എങ്കിലും വാരാന്ത്യത്തില്‍ 35 കോടിക്ക് മുകളില്‍ ചിത്രം നേടിയിരുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ് ഇപ്പോള്‍.

സിനിമയുടെ ക്രൂ അംഗങ്ങളില്‍ ഒരാള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ കുറിച്ച് സംവിധായകന്‍ സുദീപ്‌തോ സെന്‍ ആണ് വ്യക്തമാക്കിയത്. സംഭവം മുംബൈ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഭീഷണി സന്ദേശം ലഭിച്ചയാള്‍ക്ക് സുരക്ഷ നല്‍കിയെന്ന് പൊലീസ് വ്യക്തമാക്കി.

അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശം ലഭിച്ചത്. വീട്ടില്‍ നിന്ന് തനിച്ച് പുറത്തിറങ്ങിയാല്‍ അപായപ്പെടുത്തുമെന്ന് സന്ദേശത്തില്‍ പറയുന്നതായി അണിയറ പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞു. ഔദ്യോഗികമായി പരാതി കിട്ടിയാല്‍ നടപടി സ്വീകരിക്കുമെന്നും നിലവില്‍ ഭീഷണി സന്ദേശം ലഭിച്ചയാള്‍ക്ക് സുരക്ഷ നല്‍കിയിട്ടുണ്ടെന്നും മുംബൈ പൊലീസ് പറഞ്ഞു.

കേരള സ്റ്റോറി ബംഗാളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വിഷയത്തില്‍ സിപിഎമ്മിനെയും കേരള സര്‍ക്കാരിനെയും മമതാ ബാനര്‍ജി വിമര്‍ശിക്കുകയും ചെയ്തു. ബിജെപിയെ വിമര്‍ശിക്കേണ്ട സിപിഎമ്മും കേരള സര്‍ക്കാരും അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് മമത കുറ്റപ്പെടുത്തി.

അതേസമയം, കേരളത്തില്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെയുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിരുന്നു. കേരള സ്‌റ്റോറി സാങ്കല്‍പ്പിക ചിത്രമാണെന്ന് ആയിരുന്നു പ്രദര്‍ശനാനുമതി തടയണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ ഹൈക്കോടതി നിരീക്ഷിച്ചത്.