പ്രതിഷേധങ്ങള്‍ക്കിടെ റിലീസ്, വിലക്കുകളെ പൊട്ടിച്ച് ഒമ്പതാം ദിനം റെക്കോഡ് നേട്ടം; 'ദ കേരള സ്‌റ്റോറി' കളക്ഷന്‍ റിപ്പോര്‍ട്ട്

ഈ വര്‍ഷം ഏറ്റവും വേഗത്തില്‍ 100 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി ‘ദ കേരള സ്‌റ്റോറി’. വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഇടയിലായിരുന്നു സിനിമയുടെ റിലീസ്. കേരളത്തിലും തമിഴ്‌നാട്ടിലും വലിയ രീതിയില്‍ ചിത്രത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കേരളത്തില്‍ നിന്നും 32,000 സ്ത്രീകളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ട് എന്ന പ്രമേയമാണ് പ്രതിഷേധത്തിന് കാരണമായത്. കേരളത്തില്‍ വിരലിലെണ്ണാവുന്ന തിയേറ്ററുകളില്‍ മാത്രമേ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നുള്ളു. തമിഴ്‌നാട്ടിലും ബംഗാളിലും ചിത്രത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

എന്നാല്‍ മെയ് 5ന് റിലീസ് ചെയ്ത ചിത്രം വിലക്കുകളെയും വിവാദങ്ങളെയും മറികടന്നാണ് ബോക്‌സോഫീസില്‍ നേട്ടം കൊയ്തിരിക്കുന്നത്. റിലീസ് ചെയ്ത് 9 ദിവസത്തിനുള്ളിലാണ് കേരള സ്റ്റോറി 100 കോടി ക്ലബ്ബില്‍ കയറിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആദ്യ ആഴ്ചയില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചിത്രം, രണ്ടാം ആഴ്ചയില്‍ വെള്ളിയാഴ്ച 12.35 കോടിയും ശനിയാഴ്ച 19.50 കോടിയും നേടി. ഇന്ത്യന്‍ ബോക്‌സോഫീസ് കണക്കാണിത്. ആകെമൊത്തം 112.99 കോടിയാണ് ദി കേരള സ്റ്റോറി സ്വന്തമാക്കിയിരിക്കുന്നത്. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനം 7.5 കോടി രൂപയാണ് നേടിയത്.

ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദ കേരള സ്റ്റോറി. ഒന്നാമത് ഷാരൂഖ് ഖാന്‍ ചിത്രം ‘പഠാന്‍’ ആണ്. ‘തു ജൂതി മേ മക്കാര്‍’, ടകിസികാ ഭായ് കിസികി ജാന്‍’ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.