'എമ്പുരാന്' ബദലായി 'സബര്‍മതി റിപ്പോര്‍ട്ട്'; ഫ്രീയായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍

‘എമ്പുരാന്‍’ സിനിമയ്ക്ക് ബദലായി ഗോധ്ര കലാപം പ്രമേയമായ ‘ദ സബര്‍മതി റിപ്പോര്‍ട്ട്’ എന്ന ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി സംഘപരിവാര്‍. തിങ്കളാഴ്ച തിരുവനന്തപുരം എരീസ് പ്ലക്‌സിലാണ് ആദ്യ പ്രദര്‍ശനം. തുടര്‍ന്ന് മറ്റിടങ്ങളിലും കാണിക്കാനാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം നവംബര്‍ 15ന് തിയേറ്ററുകളിലെത്തിയ ചിത്രമാണ് സബര്‍മതി റിപ്പോര്‍ട്ട്.

അസീം അറോറയുടെ കഥയെ ആസ്പദമാക്കി ധീരജ് സര്‍ണയാണ് സംവിധാനം ചെയ്തത്. 50 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ 31.31 കോടി രൂപ മാത്രമാണ് കളക്ഷനായി നേടാനായത്. ഈ വര്‍ഷം ജനുവരി 10ന് ചിത്രം സീ ഫൈവ് ഒടിടി പ്ലാറ്റ്‌ഫോമില്‍ സ്ട്രീമിങ് ആരംഭിച്ചിരുന്നു. വിക്രാന്ത് മാസി, റാഷി ഖന്ന, റിദ്ദി ധോഗ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അതേസമയം, എമ്പുരാന്‍ ചിത്രത്തിന്റെ റിലീസിന് പിന്നാലെ വന്ന വിവാദത്തെ തുടര്‍ന്ന് റീ എഡിറ്റ് ചെയ്ത സിനിമയാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. 24 കട്ടുകളാണ് ചിത്രത്തില്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്.

ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ താങ്ക്സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കിയിട്ടുണ്ട്. സിനിമ പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയ കടുത്ത വിമര്‍ശനം സംഘപരിവാര്‍ തുടരുകയാണ്.