ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്ന പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമയിലെന്ന് നടി വിൻസി അലോഷ്യസ്. പ്രതികരിക്കുന്നവരെ മാറ്റി നിർത്തുന്നുവെന്നും ചോദ്യം ചെയ്യുന്നവർക്കെതിരെ ഗോസിപ്പുകൾ പറഞ്ഞു പരത്തുന്നത് പതിവാണെന്നും ഇതിന് പിന്നിൽ പ്രൊഡക്ഷൻ കൺട്രോളർമാർ ആണെന്നും നടി പറഞ്ഞു.
തനിക്ക് എതിരെ ലൈംഗികാതിക്രമങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. എന്നാൽ പറഞ്ഞ തുക തരാതെ പറ്റിക്കപ്പെട്ടിട്ടുണ്ട് എന്നും വിൻസി പറഞ്ഞു. അഡ്വാൻസ് പോലും കിട്ടാതെ സിനിമ ഷൂട്ട് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും നടി പറഞ്ഞു.
മലയാള സിനിമയിൽ പുരുഷാധിപത്യം നിലനിൽക്കുന്നുണ്ട്. എതിർത്ത് സംസാരിക്കുന്നവരെ മാറ്റിനിർത്തുന്ന സമീപനമുണ്ടായിട്ടുണ്ട്. പ്രൊഡക്ഷൻ കൺട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയിൽ പലതും നടക്കുന്നത്.
ലൈംഗികാതിക്രമം പോലെ തന്നെ പ്രാധാന്യമുള്ളതാണ് തൊഴിലിടങ്ങളിലെ ലിംഗ സമത്വവും. അതിനു വേണ്ടി സർക്കാറും സംഘടനകളും ഒന്നിച്ചു നിൽക്കേണ്ട സമയമാണ് ഇതെന്നും വിൻസി അലോഷ്യസ് പറഞ്ഞു.