'പെണ്‍മക്കളെ ഉപദ്രവിക്കും, വീട്ടില്‍ കയറി കൊല്ലും'; ഭീഷണിയുമായി 'കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍' സംവിധായകന്‍, കേസെടുത്ത് പൊലീസ്

‘കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍’ സംവിധായകന്‍ സനല്‍ വി ദേവനെതിരെ പരാതിയുമായി നിര്‍മ്മാതാവ് ഷിബു ജോബ്. സിനിമാ നിര്‍മാണക്കമ്പനിയായ വൗ സിനിമാസിന്റെ മാനേജിങ് പാര്‍ട്ണര്‍ ഷിബു ജോബ് നല്‍കിയ പരാതിയില്‍ എറണാകുളം സൗത്ത് പൊലീസാണ് കേസ് എടുത്തത്.

സംവിധായകന്‍ ബൈജു കൊട്ടാരക്കര, ഓസ്‌ട്രേലിയയിലെ മലയാളി വ്യവസായി ഷിബു ജോണ്‍ എന്നിവരും കേസില്‍ പ്രതികളാണ്. സിനിമാ നിര്‍മാതാവ് ഷിനോയ് മാത്യു ഈ കേസിലെ നാലാം പ്രതിയാണ്. കുഞ്ഞമ്മണീസ് ഹോസ്പിറ്റല്‍ എന്ന സിനിമയുടെ ഓവര്‍സീസ് വിതരണവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ വൗ സിനിമാസും ഷിബു ജോണും തമ്മില്‍ സാമ്പത്തിക തര്‍ക്കമുണ്ട്.

ഇത് പരിഹരിക്കുന്നതിനായി ചര്‍ച്ചയ്ക്കെത്തിയ ഷിബു ജോബിനെ ബൈജു കൊട്ടാരക്കരയും ഷിബു ജോണും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയ പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് കേസ് എടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് സിനിമയുടെ സംവിധായകനായ സനല്‍ വി. ദേവന്‍ ഷിബു ജോബിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി.

എന്നാല്‍ നല്‍കാനുള്ള പണം നല്‍കിയില്ലെങ്കില്‍ വീട്ടില്‍കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് ഷിബു ജോബ് പറയുന്നത. ബൈജു കൊട്ടാരക്കരയെയും ഷിബു ജോണിനെയും സനല്‍ വീഡിയോ കോളില്‍ വിളിച്ചപ്പോള്‍ അവരും വധഭീഷണി ആവര്‍ത്തിച്ചു.

ഷിബു ജോബിന്റെ പെണ്‍മക്കളെ ഉപദ്രവിക്കും എന്നു പറയുകയും ചെയ്തു. തുടര്‍ന്ന് വൗ സിനിമാസിനെ അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഈ വിവരങ്ങള്‍ കാണിച്ച് ഷിബു ജോബ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സൗത്ത് പൊലീസ് കേസ് എടുത്തത്.