മോഹന്‍ലാലിന് തെറ്റിദ്ധാരണ, വഴിപാട് വിവരം പുറത്തു വിട്ടിട്ടില്ല: ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ മമ്മൂട്ടിക്കായി നടത്തിയ വഴിപാട് വിവരം ലീക്ക് ചെയ്തത് ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥരില്‍ ആരോ ആണെന്ന മോഹന്‍ലാലിന്റെ വാക്കുകളോട് പ്രതികരിച്ച് തിരുവിതാംകൂര്‍ ദേവസ്വം. മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരയെ തുടര്‍ന്നാകും എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.

വഴിപാട് നടത്തിയ ഭക്തന് നല്‍കിയ രസീതിന്റെ ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം ബോര്‍ഡ് രസീത് സൂക്ഷിക്കുന്നത് കൗണ്ടര്‍ ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആള്‍ക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. വസ്തുതകള്‍ ബോധ്യപ്പെട്ട് നടന്‍ തിരുത്തുമെന്ന് ആഗ്രഹിക്കുന്നു എന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്.

അതേസമയം, മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ എത്തിയതോടെയാണ് മോഹന്‍ലാല്‍ വഴിപാട് നടത്തിയ രസീത് പുറത്തു വന്നത്. ഒരാള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നത് വളരെ വ്യക്തിപരമായ കാര്യമാണ്. ദേവസ്വം ബോര്‍ഡിലെ ആരോ ആണ് വഴിപാട് രസീത് ചോര്‍ത്തി നല്‍കിയത് എന്നായിരുന്നു ഇതിനെ കുറിച്ച് മോഹന്‍ലാല്‍ പറയുന്നത്.

മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹന്‍ലാല്‍ വഴിപാട് നടത്തിയത്. എമ്പുരാന്‍ റിലീസിന് ഒരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലായിരുന്ന അദ്ദേഹം ശബരിമല ദര്‍ശനം നടത്തിയത്. പമ്പയില്‍ നിന്നും ഇരുമുടിക്കെട്ട് നിറച്ചായിരുന്നു മോഹന്‍ലാല്‍ സന്നിധാനത്ത് എത്തിയത്.

Read more