ഹിറ്റ് കോമ്പോ വീണ്ടും വരുന്നു; വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തില്‍ നായകന്‍ പ്രണവ്

‘ഹൃദയം’ സിനിമ ഹിറ്റായതിന് പിന്നാലെ ട്രിപ് മോഡില്‍ ആയിരുന്നു പ്രണവ് മോഹന്‍ലാല്‍. സിനിമകളേക്കാളേറെ പ്രണവിന്റെ സിംപ്ലിസിറ്റി ആണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാറുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഹൃദയം ഹിറ്റായതോടെ താരത്തിന്റെ അടുത്ത സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസനും പ്രണവും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. വിനീതിന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായെന്നും നായകനാകുന്നത് പ്രണവ് ആയിരിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം രണ്ടാം പാദത്തില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം.

എന്നാല്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അന്‍വര്‍ റഷീദിന്റെ സംവിധാനത്തില്‍ കാളിദാസ് ജയറാമും പ്രണവും നസ്രിയ നസീം ഒന്നിക്കുന്നതായുള്ള വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു. പിന്നീട് ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവെച്ച ഒരു ചിത്രത്തില്‍ പ്രണവും കല്യാണിയും ഹൃദയത്തിന് ശേഷം ഒന്നിക്കുന്നു എന്ന വാര്‍ത്തകളും എത്തിയിരുന്നു.

പ്രണവ് മോഹന്‍ലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം കഴിഞ്ഞ മാസം അറിയിച്ചത്. പ്രണവ് ടൂര്‍ ഒക്കെ കഴിഞ്ഞ് എത്തിയെന്നും കഥകള്‍ കേള്‍ക്കാന്‍ ഇരിക്കുമെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാഖ് പറഞ്ഞത്.

Read more

എന്നാല്‍ ഏത് സിനിമയാകും നടന്‍ ആദ്യം ചെയ്യുക എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പ്രണവിനൊപ്പം വീണ്ടുമൊരു സിനിമ ചെയ്യാന്‍ ആഗ്രഹമുണ്ട് എന്ന് വിനീത് ശ്രീനിവാസനും ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. പ്രണവ് യാത്രകളെല്ലാം കഴിഞ്ഞ് വരുമ്പോള്‍ സ്‌ക്രിപ്റ്റ് പറയണം എന്നായിരുന്നു വിനീത് പറഞ്ഞത്.