തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും..; വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക്, പ്രതികരിച്ച് താരം

വിജയ്ക്ക് പിന്നാലെ വിശാലും രാഷ്ട്രീയത്തിലേക്ക് എന്ന് റിപ്പോര്‍ട്ടുകള്‍. തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ താന്‍ സിനിമയും ഉപേക്ഷിക്കുകയാണെന്ന് വിജയ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിശാലും പാര്‍ട്ടിയുമായി എത്തുന്നുവെന്ന വാര്‍ത്തകള്‍ എത്തിയിരിക്കുന്നത്.

വിശാലിന്റെ രാഷ്ട്രീയ പ്രവേശനം പല തവണ ചര്‍ച്ചയായിരുന്നെങ്കിലും ഇത്തവണ അതുണ്ടാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് തള്ളികൊണ്ട് നടന്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിക്കുന്നില്ല എന്നുമാണ് വിശാല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടിക്ക് താരം പിന്തുണ നല്‍കിയേക്കുമെന്ന രീതിയിലും പ്രചാരണങ്ങള്‍ എത്തിയിരുന്നു. തന്റെ ഫാന്‍ ക്ലബിലൂടെ പാവപ്പെട്ടവര്‍ക്ക് സഹായം എത്തിക്കാറുണ്ട്. അത് തുടരുമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

”നടനായും സാമൂഹിക പ്രവര്‍ത്തകനായും എന്നെ അംഗീകരിച്ച തമിഴ്നാട്ടിലെ ജനങ്ങളോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. കഴിയാവുന്നത്ര ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫാന്‍സ് ക്ലബുകളെ തുടക്കം മുതല്‍ മുന്നോട്ട് കൊണ്ടുപോയത്. ദുരിതം അനുഭവിക്കുന്നവരെ കഴിവിന്റെ പരാമവധി സഹായിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യം” എന്ന് വിശാല്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Read more

അതേസമയം, ജയലളിതയുടെ മരണത്തിന് പിന്നാലെ ആര്‍കെ നഗറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിശാല്‍ ശ്രമിച്ചിരുന്നു. എന്നാല്‍, നാമനിര്‍ദേശ പത്രിക തള്ളിപ്പോയി. തന്റെ ആരാധക സംഘത്തിന്റെ പേര് ‘മക്കള്‍ നല്ല ഇയക്കം’ എന്നാക്കി വിശാല്‍ മാറ്റിയിരുന്നു. ഇത് രാഷ്ട്രീയത്തിനായി ഉപയോഗിക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.