'തെലുങ്ക് സിനിമയെ വെല്ലുന്ന' സെക്കന്റ് ഹാഫ് കഥയാണെങ്കില്‍ അഭിനയിക്കാം: രണ്ടാം നായകനെ തേടി ഇറങ്ങിയപ്പോള്‍ നേരിട്ട ബുദ്ധിമുട്ടിനെ കുറിച്ച് മുന്തിരി മൊഞ്ചന്‍ ടീം

നവാഗതനായ വിജിത്ത് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുന്തിരി മൊഞ്ചന്‍. ഒരു തവള പറഞ്ഞ കഥ ആയാണ് ചിത്രം പുറത്തിറങ്ങുന്നത്. പുതുമുഖങ്ങള്‍ ആണ് സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍ ആകുന്നത്. മനേഷ് കൃഷ്ണന്‍ ഗോപിക അനില്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍ ആകുന്നത്. ചിത്രത്തില്‍ നായകതുല്യമായ ഒരു കഥാപാത്രമായി എത്തുന്നത് വിഷ്ണു നമ്പ്യാരാണ്. മുന്തിരിമൊഞ്ചന് ഒരു രണ്ടാം നായകനെ തേടിയിറങ്ങിയപ്പോള്‍ നേരിട്ട ബുദ്ധിമുട്ടും വിഷ്ണു നമ്പ്യാരിലേക്ക് എത്തിയതിനെ കുറിച്ചും പറയുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

മുന്തിരിമൊഞ്ചന് ഒരു രണ്ടാം നായകനെ വേണം. ഒന്നാം നായകന്റെ പത്തിലൊന്ന് സ്‌ക്രീന്‍ പ്രസന്‍സേ ഉള്ളൂ, പക്ഷേ പത്തിരട്ടി പ്രാധാന്യം ഉണ്ട്. പറ്റിയ ആളെ അന്വേഷിച്ച് നടപ്പു തുടങ്ങി. മലയാളത്തിലെ ചില നടന്മാരെ ആദ്യം സമീപിച്ചു. പ്രാധ്യാന്യത്തിന്റെ പ്രശ്‌നം പറഞ്ഞ് ചിലര്‍ ഒഴിഞ്ഞ് മാറി. ചിലര്‍ ഫസ്റ്റ് ഹാഫ് കഥ കേട്ട്, തെലുങ്ക് സിനിമയെ വെല്ലുന്ന സെക്കന്റ് ഹാഫ് സ്വയം ഉണ്ടാക്കി “കഥ ഇങ്ങനെ ആക്കാമെങ്കില്‍ അഭിനയിക്കാം” എന്നു പറഞ്ഞു കുഴക്കി. അച്ഛനോട് ചോദിച്ചിട്ട് പറയാം എന്ന് പറഞ്ഞ് മുങ്ങി ചിലര്‍.

ആരുണ്ട് ആ നല്ല റോള്‍ ചെയ്യാന്‍. അന്വേഷണം പിന്നെയും തുടര്‍ന്നപ്പോഴാണ് അസോസിയേറ്റ് ഡയറക്ടര്‍ ഒരു പയ്യനെ സജസ്റ്റ് ചെയ്തത്. കാസര്‍ഗോഡ്കാരനാണ്. നല്ല നടനാണ്. സ്‌നേഹം ഉള്ളവനാണ്. “നമസ്‌തേ ഇന്ത്യ” എന്ന ഇറങ്ങാനിരിക്കുന്ന പടത്തിലെ നായകനാണ്. പേര് വിഷ്ണു നമ്പ്യാര്‍ എന്നാണ്.

വിഷ്ണു നമ്പ്യാര്‍ വന്നു, സ്‌നേഹം നിറഞ്ഞ പുഞ്ചിരിയുമായി. ഒന്നും ചോദിച്ചില്ല. “ചേട്ടാ” വിളിയില്‍ സകല ക്രൂവിന്റെയും മനസ് കട്ടെടുത്തു വിഷ്ണു. അഭിനയം കണ്ട് ലൈറ്റ് ബോയ് വരെ പറഞ്ഞു, “ഈ കാസര്‍ഗോഡുകാരന്‍ ചെക്കന്‍ കസറും.” വിഷ്ണു റോള്‍ ഗംഭീരമാക്കി കൈയടി നേടി. മുന്തിരി മൊഞ്ചന്‍ സിനിമയുടെ ഡയറക്ടര്‍ വിജിത്ത് നമ്പ്യാര്‍ക്കും എഴുത്തുകാരായ മനുഗോപാലിനും, മേഹറലി പോയ്ലുങ്ങല്‍ ഇസ്മയലിനും തങ്ങള്‍ തേടിനടന്ന നടനെ കിട്ടിയതില്‍ അതീവസന്തോഷം.

Read more

വിഷ്ണു ചില്ലറക്കാരനല്ല. ഒന്നുരണ്ടു സിനിമകളില്‍ നേരത്തെ അഭിനയിച്ചിട്ടുണ്ട്. അമൃത ടിവിയിലെ ചുമ്മാ സീസണ് 2 വില്‍ നല്ല പ്രകടനം കാഴ്ച്ച വക്കുന്നു. അക്ഷയ് സത്യന്‍ ഒരുക്കുന്ന, മലയാളത്തിന്റെ പ്രിയ ഗായകന്‍ ഹരിശങ്കര്‍ പാടുന്ന “കണ്ണില്‍ കാണും” എന്ന വരാനിരിക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ നായകനാവുന്നു. വിഷ്ണുവിന് വഴിയൊരുക്കിയതില്‍ മുന്തിരി മൊഞ്ചന്‍ ടീമിന് അഭിമാനം.