കൊല്ലം കടയ്ക്കല്‍ ക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തോട് അനുബന്ധിച്ച് സിപിഎമ്മിന്റെ വിപ്ലവഗാനം പാടിയതില്‍ രൂക്ഷവിമര്‍ശനം ആവര്‍ത്തിച്ച് ഹൈക്കോടതി. ജനങ്ങള്‍ ക്ഷേത്രത്തില്‍ വരുന്നത് വിപ്ലവഗാനം കേള്‍ക്കാനല്ലെന്നും ഉത്സവം കാണാനാണെന്നും ഹൈക്കോടതി പറഞ്ഞു. ഗസല്‍ ഗായകനായ അലോഷി ആദം അവതരിപ്പിച്ച ഗാനമേളയ്ക്കിടെയാണ് ‘പുഷ്പനെ അറിയാമോ’ എന്ന തടക്കം പാട്ടുകള്‍ പാടിയതും ഈ സമയത്ത് സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടേയും ബാനറുകളും മറ്റും കാണിക്കുകയും ചെയ്തത്. ഇത് ചൂണ്ടിക്കാണിച്ച് വിപ്ലവഗാനം പാടിയതിനെതിരെയും ക്ഷേത്രത്തില്‍ ആചാരലംഘനമുള്‍പ്പെടെ ആരോപിച്ചും അഡ്വ. വിഷ്ണു സുനില്‍ പന്തളം നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി രൂക്ഷമായി ക്ഷേത്രസമിതി നടപടികളെ വിമര്‍ശിച്ചത്.
കോടതി ഇതു സംബന്ധിച്ച ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചതിന് ശേഷം ദേവസ്വം ബോര്‍ഡുകള്‍ക്കും ക്ഷേത്രസമിതികള്‍ക്കും താക്കീത് നല്‍കുകയും ചെയ്തു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളും സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, എസ് മുരളീകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ദേവസ്വം ബോര്‍ഡിനും ഉദ്യോഗസ്ഥര്‍ക്കും താക്കീത് നല്‍കിയത്. രാഷ്ട്രീയ ആവശ്യങ്ങള്‍ക്കും മറ്റും മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുള്ള റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ് നിയമം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
നിയമ ലംഘനമുണ്ടായാല്‍ ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ ഉള്‍പ്പെടെ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇതി സംബന്ധിച്ച് ദേവസ്വം കമ്മിഷണര്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. കടയ്ക്കലെ വിപ്ലവഗാനം സംബന്ധിച്ച പരാതി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോഴും രൂക്ഷമായ ഭാഷയിലാണ് കോടതി നിരീക്ഷണം നടത്തിയത്. ഇതൊന്നും ലാഘവത്തോടെ കാണാന്‍ കഴിയില്ലെന്നും കോടതി അന്നുതന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ക്ഷേത്രത്തിലെ പ്രേക്ഷകരുടെ ആവശ്യപ്രകാരമാണ് വിപ്ലവഗാനം പാടിയതെന്ന വിശദീകരണമാണ് ക്ഷേത്രോപദേശക സമിതി നല്‍കിയത്. ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറുടെ റിപ്പോര്‍ട്ടില്‍ എല്‍ഇഡി വാളില്‍ സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും ചിഹ്നം പ്രദര്‍ശിപ്പിച്ചിരുന്നു എന്ന് പരാമര്‍ശിച്ചിട്ടുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകളും കോടതി പരിശോധിച്ചിരുന്നു.
റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ( പ്രിവന്‍ഷന്‍ ഓഫ് മിസ്യൂസ്) ആക്ട് എന്ന 1988ലെ പാര്‍ലമെന്റ് നിയമത്തിലെ വ്യവസ്ഥ പ്രകാരം മതസ്ഥാപനമോ, മാനേജറോ മതസ്ഥാപനത്തിന്റെ ഫണ്ടോ സ്വത്തോ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രയോജനത്തിനായി ഉപയോഗിക്കുകയോ ഉപയോഗിക്കാന്‍ അനുവദിക്കുകയോ ചെയ്യരുത് എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഉത്സവങ്ങളോ ചടങ്ങുകളോ ഘോഷയാത്രയോ മറ്റും രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കരുതെന്നും ചട്ടമുണ്ട്. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവു ശിക്ഷയും 10,000 രൂപ വരെ പിഴയും ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ഓര്‍മ്മിപ്പിക്കുകയാണ് ഹൈക്കോടതി ചെയ്തത്.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം തേടി. വിശദീകരണത്തിനു സര്‍ക്കാരും സമയം തേടി. കേസില്‍ കടയ്ക്കല്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറെയും ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. ഹര്‍ജി ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും.