ആദ്യ വാരം ബോക്‌സോഫീസില്‍ കുതിപ്പ്? 'വോയിസ് ഓഫ് സത്യനാഥന്‍' നേടിയത് കോടികള്‍, കളക്ഷന്‍ റിപ്പോര്‍ട്ട്

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ട് ഒന്നിച്ചപ്പോള്‍ ബോക്‌സോഫീസില്‍ കുതിപ്പ്. നീണ്ട ഒമ്പത് വര്‍ഷത്തിന് ശേഷമാണ് ദിലീപ്‌റാഫി കൂട്ടുകെട്ട് ഒന്നിച്ചത്. ‘വോയിസ് സത്യനാഥന്‍’ ചിത്രത്തിന് ആദ്യം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നതെങ്കിലും ഹൗസ് ഫുള്‍ ഷോകളുമായി രണ്ടാം വാരത്തിലേക്ക് കടക്കാന്‍ പോവുകയാണ് ചിത്രം.

റിലീസ് ദിനത്തില്‍ 1.8 കോടിയും രണ്ടാം ദിവസമായ ശനിയാഴ്ച 2.05 കോടിയും നേടിയ ചിത്രത്തിന്റെ ഒരാഴ്ചത്തെ നേട്ടം 9 കോടിക്ക് മുകളിലാണ്. ജൂലൈ 28ന് റിലീസ് ചെയ്ത ചിത്രം എട്ടു ദിവസത്തിനുള്ളില്‍ 9.5 കോടി രൂപയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്.

മലയാള സിനിമയുടെ നിലവിലെ സ്ഥിതിയില്‍ മികച്ച കളക്ഷനാണ് ഇത്. ഈ വര്‍ഷത്തെ മലയാളം റിലീസുകളില്‍ മികച്ച മൂന്നാമത്തെ ആദ്യവാര കളക്ഷനാണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. യുഎഇ, ജിസിസി, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ചിത്രം ഈ വാരാന്ത്യത്തില്‍ തിയേറ്ററുകളില്‍ എത്തിയിട്ടുണ്ട്.

Read more

ദിലീപിനൊപ്പം ജോജു ജോര്‍ജ്, സിദ്ധിഖ് എന്നിവരുടെ പ്രകടനങ്ങളും ശ്രദ്ധ നേടുകയാണ്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജന്‍ ചിറയില്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അങ്കിത് മേനോന്‍ ആണ് സംഗീതം ഒരുക്കിയത്.