ലിജോ ജോസ് പെല്ലിശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചുരുളി ഉണ്ടാക്കിയ വിവാദങ്ങള്‍ വലുതായിരുന്നു. പല സിനിമകള്‍ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. വലിയ ഹൈപ്പ് നല്‍കിയ എത്തിയ സിനിമകള്‍ പലതും ബോക്സോഫീസില്‍ ‘ബെട്ടിയിട്ട ബായത്തണ്ട്’ പോലെയായി. സിനിമകള്‍ മാത്രമല്ല, പല സെലിബ്രിറ്റികളും വിവാദത്തിലാവുകയും കടുത്ത വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയാവുകയും ചെയ്തിട്ടുണ്ട്.
സന്തോഷ് പണ്ഡിറ്റ് മുതല്‍ മോഹന്‍ലാലിന്റെ ഡയലോഗുകള്‍ വരെ ട്രോളന്‍മാരുടെ മീമുകളില്‍ നിറഞ്ഞിട്ടുണ്ട്. സ്റ്റാര്‍ മാജിക് എന്ന ഷോയില്‍ പങ്കെടുത്തതോടെയാണ് സന്തോഷ് പണ്ഡിറ്റ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. സ്റ്റാര്‍ മാജിക്കില്‍ പങ്കെടുത്ത സന്തോഷ് പണ്ഡിറ്റിനെ ജഡ്ജസായി എത്തിയ നവ്യ നായരും നിത്യ ദാസും അവതാരക ലക്ഷ്മി നക്ഷത്രയും മത്സരാര്‍ത്ഥികളും ചേര്‍ന്ന് അപമാനിച്ചു എന്ന പ്രതികരണങ്ങളും വാര്‍ത്തകളുമായിരുന്നു ആദ്യം എത്തിയത്.
”പെണ്ണു കെട്ടി കഴിഞ്ഞാല്‍ ജീവിതം” എന്ന തന്റെ പാട്ടിന്റെ കരോക്ക ഇട്ട ശേഷം ”സുട്രും വിഴി സൂടാതെ” എന്ന ഗാനം പാടാന്‍ കഴിഞ്ഞാല്‍ താന്‍ സിനിമ ചെയ്യുന്നത് നിര്‍ത്തും എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഷോയ്ക്കെതിരെ സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. തന്റെ കരിയര്‍ തകര്‍ക്കാനാണ് അവര്‍ ശ്രമിച്ചതെന്നും പണ്ഡിറ്റ് പ്രതികരിച്ചു. പിന്നാലെയാണ് സ്റ്റാര്‍ മാജിക്കില്‍ വച്ച് നടന്‍ ബിനു അടിമാലിയെ സന്തോഷ് പണ്ഡിറ്റ് അപമാനിക്കുന്ന പഴയ വീഡിയോ ചര്‍ച്ചയായത്. ഇതോടെ പണ്ഡിറ്റ് വിവാദത്തില്‍ ആവുകയും താരത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയരുകയുമായിരുന്നു. താരത്തിന് എതിരെ ട്രോളുകളും വ്യാപകമായിരുന്നു.
”വണ്ടി ഇടിച്ചു നിര്‍ത്താതെ പോയി എന്നൊരു തെറ്റ് മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ”, എന്ന പ്രതികരണമായിരുന്നു ഗായത്രി സുരേഷ് വിവാദത്തില്‍ പെടാനുണ്ടായ കാരണം. കിലുക്കത്തിലെ രേവതിയെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ ഡയലോഗ്. ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടതിന് പിന്നാലെ നാട്ടുകാര്‍ താരത്തെ വളഞ്ഞിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് ഗായത്രി പ്രതികരണവുമായി എത്തിയത്.
നടിക്കെതിരെ ട്രോളുകള്‍ വ്യാപകമായതോടെ മുഖ്യമന്ത്രിയോട് ട്രോളുകള്‍ നിരോധിക്കണം എന്ന് ആവശ്യപ്പെട്ടും ഗായത്രി രംഗത്തെത്തി. ഇതും ട്രോളുകളില്‍ നിറഞ്ഞു. പ്രണവിനെ വിവാഹം ചെയ്യണം, മോഹന്‍ലാലിന്റെ മരുമകള്‍ ആവണം എന്ന് ഗായത്രി പറഞ്ഞതും ട്രോളുകളില്‍ നിറഞ്ഞു. ‘ഗായത്രി ഇനി മുതല്‍ കേരളത്തിന്റെ കങ്കണ റണൗട്ടാണ്.. പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും വരെ അവര് ട്രോളുന്നു. അപ്പോഴാണ്..’ എന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. ട്രോളുകളില്‍ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ എന്ന നടിയുടെ പ്രതികരണവും മീമുകളില്‍ നിറഞ്ഞിരുന്നു.
മുകേഷ്-മേതില്‍ ദേവിക വിവാഹമോചനം 2021ല്‍ ഏറെ വിവാദമായ വിഷയങ്ങളില്‍ ഒന്നാണ്. മുകേഷുമായി പിരിഞ്ഞ് മാസങ്ങള്‍ക്ക് മുമ്പ് തന്നെ ദേവിക പാലക്കാടുള്ള കുടുംബ വീട്ടിലേക്ക് താമസം മാറിയിരുന്നു. മുകേഷുമായിട്ടുള്ള ബന്ധം തുടര്‍ന്ന് പോകാന്‍ സാധിക്കാത്തത് കൊണ്ട് ദേവിക കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് മുകേഷ് വിവാദത്തില്‍ അകപ്പെട്ടിരുന്നു.എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് ബന്ധം വേര്‍പിരിയുന്നതെന്നും വിവാഹമോചനം വിവാദമാക്കേണ്ടെന്നും ദേവിക മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാന്‍ അറിയാത്ത ആളാണ് മുകേഷ് എന്ന് ആരോപിച്ച് താരത്തിന്റെ ഭാര്യ സരിതയും രംഗത്തെത്തിയിരുന്നു.
‘വെളച്ചിലെടുക്കരുത് കെട്ടോ’ എന്ന മുകേഷിന്റെ ഡയലോഗ് ട്രോളന്‍മാര്‍ക്കിടയില്‍ പ്രസിദ്ധമാണ്. യൂട്യൂബ് ബ്ലോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ അറസ്റ്റിലായ വിഷയത്തില്‍ ‘ഇ ബുള്‍ജെറ്റ് ആര്‍മി’കളുടെ (ഫാന്‍സുകാരുടെ) ഫോണ്‍കോള്‍ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിനെ തേടിയെത്തിയതും തുടര്‍ന്നുണ്ടായ സംഭാഷണങ്ങളും വിവാദമാവുമായും ട്രോളുകളില്‍ നിറയുകയും ചെയ്തിരുന്നു. ‘ഇ ബുള്‍ജെറ്റ് അറസ്റ്റിലായി, മുകേഷ് സാറേ സംഭവത്തില്‍ ഇടപെടണം’ എന്ന് പറയുമ്പോള്‍ ‘ഇ ബജറ്റോ?’ എന്നാണ് മുകേഷ് ചോദിക്കുന്നത്. ഇ ബുള്‍ജെറ്റ് എന്ന് വിളിച്ചയാള്‍ തിരുത്തി പറയുമ്പോള്‍, ഇ ബുള്ളറ്റ് എന്നാണ് മുകേഷ് കേള്‍ക്കുന്നത്. വിളിച്ചയാള്‍ കോതമംഗലത്ത് നിന്നാണെന്ന് പറയുമ്പോള്‍ കോതമംഗലം ഓഫീസില്‍ പറയൂ, എന്ന് മുകേഷ് പറയുന്നത്.
ഡ്രൈവിംഗ് ലൈസന്‍സ് കൃത്രിമമായി പുതുക്കിയതിന്റെ പേരിലായിരുന്നു നടന്‍ വിനോദ് കോവൂര്‍ വിവാദത്തില്‍ അകപ്പെട്ടത്. ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി ഡ്രൈവിംഗ് സ്‌കൂള്‍ നടത്തിപ്പുകാര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ പാസ്വേഡ് ചോര്‍ത്തിയതിനെ തുടര്‍ന്നാണ് താരം പ്രശ്നത്തിലായത്. ഇതേ തുടര്‍ന്ന് താരത്തിന്റെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. 9 മാസത്തിന് ശേഷമാണ് താരത്തിന് ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചത്.
ജോജു ജോര്‍ജിന് എതിരെയുള്ള കോണ്‍ഗ്രസിന്റെ തത്രപ്പാട് ആയിരുന്നു ഒരിടയ്ക്ക് വാര്‍ത്തകളില്‍ മുഴുവനും. ഇന്ധന വില വര്‍ദ്ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചാണ് ജോജു എത്തിയത്. ഇതോടെ സമരം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ജോജു ഡോര്‍ജിനെ വേട്ടയാടാന്‍ ആരംഭിക്കുകയായിരുന്നു. ജോജുവിന്റെ കാറിന്റെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നു എന്ന പേരില്‍ നടന് എതിരെ വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ അടുത്ത സുഹൃത്തായ വിനായകനെ കണ്ടതു കൊണ്ടാണ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നത് എന്നായിരുന്നു ജോജുവിന്റെ പ്രതികരണം.
നിരന്തരം ട്രോളുകളില്‍ നിറയാറുള്ള സംവിധായകനാണ് അലി അക്ബര്‍, അല്ല രാമസിംഹന്‍. ഡിസംബര്‍ മാസത്തില്‍ ആയിരുന്നു ഇസ്ലാം മതം ഉപേക്ഷിച്ച് അലി അക്ബര്‍ രാമസിംഹന്‍ ആയി മാറിയത്. ഇത് വിവാദമാവുകയും ട്രോളുകളില്‍ നിറയുകയും ചെയ്തു. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മലബാര്‍ കലാപത്തെയും പ്രമേയമാക്കി ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന സിനിമ ഒരുക്കുന്നതോടെയാണ് സംവിധായകന് എതിരെ ട്രോളുകള്‍ വ്യാപകമായത്.
ക്രൗഡ് ഫണ്ടിംഗിലൂടെ ഒരുക്കുന്ന സിനിമയാണ് പുഴ മുതല്‍ പുഴ വരെ. ചിത്രത്തിനായി പണം പിരിച്ചത് അലി അക്ബര്‍ ആയിരുന്നു ഞാന്‍ രാമസിംഹന്‍ ആണ് എന്ന ട്രോളുകള്‍ വ്യാപകമായിരുന്നു. കേരളത്തിന്റെ സംസ്‌കാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ അലി അക്ബറിനെ രാമസിംഹന്‍ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു” എന്നാണ് അലി അക്ബര്‍ പറഞ്ഞത്.
സോഷ്യല്‍ മീഡിയയില്‍ സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവച്ചാണ് നടന്‍ വിനായകന്‍ പല വിഷയങ്ങളിലമുള്ള തന്റെ പ്രതികരണങ്ങള്‍ അറിയിക്കാറുള്ളത്. താരം എന്ത് പോസ്റ്റ് ചെയ്താലും അത് വിവാദമായി മാറാറുണ്ട്. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ തെറിയുടെ പൂരവുമായാണ് വിനായകന്റെ പോസ്റ്റുകള്‍ എത്തിയത്. ഇത് വിവാദമാവുകയും ട്രോളുകളില്‍ നിറയുകയും ചെയ്തിരുന്നു.
ഡിസംബര്‍ 19ന് ആയിരുന്നു താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് നടന്നത്. ഇതുവരെ കാണാത്ത തരത്തിലുള്ള ശക്തമായ മത്സരമാണ് ഇത്തവണ നടന്നത്. അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് നടന്‍ ഷമ്മി തിലകന്‍ വിവാദങ്ങളില്‍ നിറയുന്നത്. തിരഞ്ഞെടുപ്പില്‍ താരത്തിന്റെ നോമിനേഷന്‍ തള്ളിയിരുന്നു. ഇതിനെതിരെ താരം പ്രതികരിച്ചു. അമ്മ തിരഞ്ഞെടുപ്പും യോഗവും കഴിഞ്ഞതിന് ശേഷം സംഘടനയുടെ ജനറല്‍ ബോഡി യോഗം മൊബൈലില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നടന് നേരെ ഉയര്‍ന്നിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്ന് ഷമ്മി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യന്‍ ദേശീയ ഗാനത്തെ കുറിച്ച് പ്രചരിക്കുന്ന സന്ദേശം ഫെയ്സ്ബുക്കില്‍ പങ്കുവച്ചതോടെയാണ് നടന്‍ ഹരിശ്രീ അശോകന്‍ ‘എയറില്‍’ ആയത്. ‘എല്ലാവര്‍ക്കും അഭിനന്ദങ്ങള്‍. നമ്മുടെ ദേശീയഗാനമായ ജനഗണമന ലോകത്തെ ഏറ്റവും മികച്ചതായി യുനസ്‌കോ അല്‍പം മുമ്പ് തിരഞ്ഞെടുത്തിരിക്കുന്നു” എന്ന് തുടങ്ങുന്ന സന്ദേശമാണ് ഹരിശ്രീ അശോകന്‍ പങ്കുവെച്ചത്. ഇത് വിവാദത്തിലായതോടെ ഹരിശ്രീ അശോകന്റെ തന്നെ ഹിറ്റ് കോമഡി ഡയലോഗുകളും മീമും വച്ചായിരുന്നു ഈ വിഷയം ട്രോളന്‍മാര്‍ ആഘോഷമാക്കിയത്.
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്ററുകളില്‍ എത്തിയതോടെയാണ് മോഹന്‍ലാലും പ്രിയദര്‍ശനും എയറിലായത്. ചിത്രത്തിലെ ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടാ ഇളേപ്പാ എന്ന ഡയലോഗ് വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയായിരുന്നു. ശക്തമായ തിരക്കഥയുടെ അഭാവം മോഹന്‍ലാല്‍ ആരാധകര്‍ വരെ നിരാശയിലാക്കിയിരുന്നു.