അരിയാനയ്ക്ക് ഇതെന്തുപറ്റി? ആകെ കോലംകെട്ടു; എന്നത്തേക്കാളും ആരോഗ്യവതിയാണെന്ന് താരം

മെലിഞ്ഞൊട്ടിയ നിലയില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഗായികയും നടിയുമായ അരിയാന ഗ്രാന്‍ഡെയെ കണ്ട് അമ്പരന്ന് ആരാധകര്‍. ലണ്ടനില്‍ നടന്ന ബാഫ്റ്റ പുരസ്‌കാരദാനചടങ്ങിലെ ദൃശ്യങ്ങളാണ് ആരാധകരെ ഞെട്ടിച്ചത്. ഭാരം വളരെയധികം കുറഞ്ഞ രീതിയിലാണ് അരിയാന ബാഫ്റ്റ വേദിയിലെത്തിയത്. അരിയാനയുടെ ചിത്രങ്ങള്‍ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

എന്നാല്‍ അരിയാനയ്ക്ക് അസുഖം ഒന്നുമില്ലെന്നും ശരീരം അവരുടെ വ്യക്തിസ്വാതന്ത്ര്യമാണെന്നുമാണ് ചിലര്‍ വാദിക്കുന്നത്. രണ്ട് മാസം മുമ്പ് തന്റെ ശരീരത്തെ കുറിച്ചോര്‍ത്ത് ആളുകള്‍ വ്യാകുലപ്പെടുന്നതിനെ കുറിച്ച് അരിയാന വൈകാരികമായി പ്രതികരിച്ചിരുന്നു. താന്‍ എന്നത്തെക്കാളും ആരോഗ്യവതിയാണ്.

ശരീരത്തിന്റെ അഴകളവുകള്‍ നോക്കി അധിക്ഷേപിക്കുന്നവരെ താന്‍ കാര്യമാക്കുന്നില്ല. താന്‍ എങ്ങനെ ഇരുന്നാലും അത് പൊതുജനങ്ങളെ ബാധിക്കുന്ന വിഷയമല്ല. ആരോഗ്യമുള്ള ശരീരത്തിന് ആരും മാനദണ്ഡമുണ്ടാക്കേണ്ട എന്നായിരുന്നു ഒരു ഫ്രഞ്ച് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അരിയാന പ്രതികരിച്ചത്. 2023ല്‍ ബോഡി ഷെയ്മിങ് കമന്റുകളോടും അരിയാന പ്രതികരിച്ചിരുന്നു.

താന്‍ എന്നത്തേക്കാളും ആരോഗ്യവതിയാണ് എന്നായിരുന്നു അരിയാന പറഞ്ഞത്. അതേസമയം, വിക്കഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള വിഭാഗത്തില്‍ അരിയാന ഓസ്‌കര്‍ നോമിനേഷന്‍ നേടിയിരുന്നു. അമേരിക്കന്‍ സംഗീത പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഗായികയാണ് അരിയാന ഗ്രാന്‍ഡെ.