'റോസ്' ധരിച്ച ഓവര്‍കോട്ട് ലേലത്തിന്; ഞെട്ടിക്കുന്ന തുക

ലോക സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ പ്രണയ കാവ്യമാണ് ടൈറ്റാനിക്. ജാക്കിന്റെയും റോസിന്റെയും പ്രണയവും പ്രണയനഷ്ടവുമെല്ലാം ഇന്നും സിനിമാപ്രേമികള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ജയിംസ് കാമറൂണ്‍ ഒരുക്കിയ ചിത്രം ഈ വര്‍ഷം ഫെബ്രുവി 10ന് റി റീലീസ് ചെയ്തിരുന്നു.

കേറ്റ് വിന്‍സ്ലെറ്റിനും ലിയൊനാര്‍ഡോ ഡി കാപ്രിയോയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തില്‍ നായിക കേറ്റ് ധരിച്ച വസ്ത്രങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു. താരം ധരിച്ച ഒരു ഓവര്‍കോട്ട് ഇപ്പോള്‍ ലേലത്തിന് എത്തിച്ചിരിക്കുകയാണ്.

സെപ്റ്റംബര്‍ 13ന് ഓണ്‍ലൈനായി വസ്ത്രം ലേലം ചെയ്യാനാണ് കമ്പനിയുടെ തീരുമാനം. ‘ഗോള്‍ഡിന്‍’ എന്ന ഓക്ഷന്‍ ഹൗസാണ് ലേലത്തിന് പിന്നില്‍. 34,000 ഡോളറാണ് (2,820,553 രൂപ) നിലവിലെ ലേലത്തുക. കറുത്ത എംബ്രോയ്ഡറിയോട് കൂടിയ പിങ്ക് ഓവര്‍കോട്ടാണ് ലേലത്തിന് വച്ചത്.

ഡെബോറ ലിന്‍ സ്‌കോട്ടാണ് വസ്ത്രം രൂപകല്‍പ്പന ചെയ്തത്. ടൈറ്റാനിക്കിലെ വസ്ത്രങ്ങള്‍ക്ക് ലിന്‍ സ്‌കോട്ടിന് മികച്ച വസ്ത്രാലങ്കാരത്തിനുള്ള ഓസ്‌കര്‍ അവാര്‍ഡും ലഭിച്ചിരുന്നു. സിനിമയില്‍ ബോട്ട് മുങ്ങുന്ന സമയത്ത് ജാക്കിനെ രക്ഷിക്കാനായി റോസ് എത്തുന്ന ഭാഗത്താണ് ഈ കോട്ട് ധരിച്ചത്.

Read more

കൈകള്‍ ബന്ധിപ്പിച്ച ജാക്കിനെ രക്ഷിക്കാന്‍ വെള്ളത്തിലൂടെ പോകുന്നതിനിടെ പല ഭാഗങ്ങളിലും കറ പറ്റിയിരുന്നു. ആ കറ ഉള്‍പ്പെടെയാണ് വസ്ത്രം ലേലത്തിന് വച്ചിരിക്കുന്നത്. ഏതാണ്ട് ഒരുലക്ഷം ഡോളറിന് മുകളില്‍ ലേലത്തുക എത്തുമെന്നാണ് ലേലം നടത്തുന്ന കമ്പനിയുടെ വിശ്വാസം.