'സ്വതന്ത്ര ലൈംഗിക ജീവിതമുള്ള സ്ത്രീ എക്കാലത്തും മോശമായി ചിത്രീകരിക്കപ്പെടുന്നു'; ആഞ്ജലീന ജോളി

സ്വതന്ത്രയായി ചിന്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് അക്കമിട്ട് പറഞ്ഞ് ഹോളിവുഡ് നടി ആഞ്ജലീന ജോളി. എലേ എന്ന ആഗോള ഫാഷന്‍ മാസികയില്‍ എഴുതിയ കുറിപ്പിലാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

“”ശരീരം കൊണ്ടും മനസ്സുകൊണ്ടും പൂര്‍ണമായി സ്വതന്ത്രയായ സ്ത്രീയെ ലോകചരിത്രത്തിലെമ്പാടും അപകടകാരിയായാണ് വിലയിരുത്തുന്നത്. സ്വതന്ത്രമായ ലൈംഗിക ജീവിതമുള്ള ഇഷ്ടമുള്ള വസ്ത്രം ധരിച്ചു നടക്കാന്‍ തന്റേടമുള്ള സ്ത്രീയെ ഒരു മന്ത്രവാദിനിയെ പോലെയാണ് സമൂഹം കണക്കാക്കുന്നത്.

“”നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഇത്തരം ചിന്തകള്‍ ഇന്നും വര്‍ണപ്പൊലിമയോടെ കൊണ്ടാടപ്പെടുന്നു എന്നത് അതിശയകരം തന്നെയാണ്. ജനാധിപത്യ ലോകത്ത് പോലും രാഷ്ട്രീയ അഭിലാഷങ്ങളുള്ള സ്ത്രീകളെ എത്രമാത്രം നികൃഷ്ടമായാണ് ചിത്രീകരിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുന്ന സ്ത്രീകള്‍ മിക്കപ്പോഴും താന്തോന്നികളും മോശക്കാരികളുമാണ്.

ഒരിക്കല്‍ എന്റെ ജീവിതം അപ്രകാരമായിരുന്നു”. ലോകത്ത് നടമാടുന്ന അനീതികളിലും അധിക്ഷേപങ്ങളിലും മനം മടുത്തവളായിരിക്കും സമൂഹത്തിന്റെ ചീത്ത സ്ത്രീ. അങ്ങനെയെങ്കില്‍ ലോകത്തിന് ഇനിയും ധാരാളം ചീത്ത സ്ത്രീകളെ ആവശ്യമുണ്ട്. ഏറ്റവും പ്രധാനം മനസ്സ് കരുത്തുറ്റതാക്കുക എന്നു മാത്രമാണ് പെണ്‍മക്കളോട് ഞാനെപ്പോഴും പറയുന്നത്. നടി കൂട്ടിച്ചേര്‍ത്തു.