'ഫഫ-എആര്‍ആര്‍ മാജിക്'; ശ്വാസം മുട്ടിക്കുന്ന മലയന്‍കുഞ്ഞ് (റിവ്യു)

9/10
പ്രജീഷ് രാജ് ശേഖര്‍

പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ അതിനെ നിരാകരിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ ഒറ്റപ്പെടലുകള്‍, നഷ്ടങ്ങള്‍ എല്ലാം നാം കണ്ടതാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍. ദൃശ്യ ശ്രവ്യമാധ്യമങ്ങളിലൂടെ ഇത്തരം ദുരന്തങ്ങള്‍ അപരിചിതമല്ലെങ്കിലും അതിന്റെ ദൈന്യത എത്രത്തോളമെന്ന് മനസിലാക്കാന്‍ ചിലപ്പോള്‍ സ്വാനുഭവങ്ങള്‍ തന്നെ വേണ്ടിവരും. കേരളത്തില്‍ കവളപ്പാറയിലും പുത്തുമലയിലും തുടര്‍ന്നുമുണ്ടായ അതിഭീകരമായ ഉരുള്‍പൊട്ടല്‍ പക്ഷെ നടുക്കിയ സംഭവമായിരുന്നു. വീണ്ടും ഒരു കോരിച്ചെരിയുന്ന മഴക്കാലമാണ് ഇപ്പോള്‍, മലയന്‍കുഞ്ഞ് കണ്ടിറങ്ങുന്ന പ്രേക്ഷകനെ അത്തരമൊരു ഭീകരാനുഭവത്തിലൂടെയാണ് നവാഗതനായ സംവിധായകന്‍ സജിമോന്‍ പ്രഭാകരന്‍ കൊണ്ടുപോകുന്നത്.

ഒരു മലയോര ഗ്രാമത്തില്‍ ഇലക്രോണിക്‌സ് ജോലി ചെയ്യുന്ന യുവാവ്. നാട്ടുകാരും വീട്ടുകാരും അനിക്കുട്ടന്‍ എന്നു വിളിക്കുന്ന അനില്‍കുമാര്‍ കടന്നുപോകുന്ന ജീവിതവഴികളാണ് ചിത്രത്തിന്റെ കഥാഗതി. തന്റെ ജീവിതത്തിലുണ്ടായ കയ്‌പേറിയ അനുഭവങ്ങളും ഓര്‍മ്മകളും അയാളെ നിര്‍ബന്ധബുദ്ധിക്കാരനും, പിടിവാശിക്കാരനും, രോഗിയുമൊക്കെയാക്കുകയാണ്. അനിക്കുട്ടന്റെ സഹോദരിയുടെ വിവാഹദിവസം താഴ്ന്ന ജാതിക്കാരനായ ഒരാളോടൊപ്പം ഇറങ്ങിപ്പോയതില്‍ മനംനൊന്ത് അച്ഛന്റെ ആത്മഹത്യ അയാളെ വല്ലാതെ വേട്ടയാടപ്പെടുന്നുണ്ട്. അനന്തരമെന്നോണം അയാളില്‍ കീഴ്ജാതിക്കാരോടുള്ള അമര്‍ഷം അടങ്ങാതെ കൊണ്ടുനടക്കുന്നു. നിര്‍ബന്ധ ബുദ്ധിക്കനുസരിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത പ്രകൃതിക്ഷോഭത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ റിയലസ്റ്റിക് സര്‍വൈവല്‍ ത്രില്ലറാണ് ഫഹദ്ഫാസിലിന്റെ മലയന്‍കുഞ്ഞ്.

ആദ്യപകുതിയില്‍ അനിക്കുട്ടനെ അയാളെ അലട്ടിയ ശബ്ദം രണ്ടാം പകുതിയില്‍ അയാളുടെ പ്രതീക്ഷയായി മാറുകയാണ്. ആദ്യപകുതി അനിക്കുട്ടന്റെ ജീവിതസാഹചര്യങ്ങളും അയാളുടെ സ്വഭാവ ഗുണങ്ങളും രേഖപ്പെടുത്തുമ്പോള്‍ രണ്ടാംപകുതി പ്രേക്ഷകനെ ആകാംക്ഷയുടെ മുന്‍മുനയിലൂടെയാണ് സംവിധായകന്‍ കൊണ്ടുപോകുന്നത്. എ ആര്‍ റഹ്‌മാന്റെ പശ്ചാത്തല സംഗീതത്തില്‍ അക്ഷമരായി നിശ്വാസമടക്കിപ്പിടിച്ചേ രണ്ടാം പകുതി പ്രേക്ഷകന് കണ്ട് പൂര്‍ത്തിയാക്കാനാകൂ. സര്‍വൈവല്‍ ത്രില്ലര്‍ ജോണറില്‍ ചിത്രങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയേറെ പ്രേക്ഷകനെ അക്ഷമരാക്കുന്ന ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടില്ലെന്ന് വേണം പറയാന്‍.

മഹേഷ് നാരായണന്റെ അസോസിയേറ്റ് ആയിരുന്ന സജിമോന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇടുങ്ങിയ ചെളി നിറഞ്ഞ പാറകള്‍ക്കിടയിലൂടെ ഫഹദിന്റെ സഞ്ചാരത്തിനൊപ്പം പ്രേക്ഷകനെയും ആ വേദന അറിയിക്കുന്നതില്‍ ചിത്രം വിജയിച്ചു. എടുത്തു പറയേണ്ടത് ചിത്രത്തിന്റെ ആര്‍ട്ട് വര്‍ക്കും, ലൈറ്റിംഗും തന്നെയാണ്. ഉരുള്‍പൊട്ടലിന്റെ ഭീകരതയെ പ്രേക്ഷകനിലേക്ക് അത്രകണ്ട് യാഥാര്‍ത്ഥ്യമാക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. നാല്‍പത് അടി താഴ്ചയിലാണ് ആ ദൃശ്യങ്ങള്‍ ചിത്രീകരിച്ചതെന്ന് നേരത്തെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. അതിന് എത്രത്തോളം കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ടോ അതിനുള്ള കയ്യടിയാണ് തിയേറ്ററില്‍ അവസാനം ഉയരുന്ന ദീര്‍ഖ നിശ്വാസവും, കയ്യടികളും. എഡിറ്ററും, സംവിധായകനുമായ മഹേഷ് നാരായണന്റെ ഛായാഗ്രഹണ പരീക്ഷണം വിജയമാണ്. ജാതി മത ചിന്തകള്‍ക്ക് അപ്പുറം മാനവികതയാണ് വലുതെന്ന സന്ദേശവും മഹേഷ് നാരായണന്‍ ഒരുക്കിയ തിരക്കഥ ഓര്‍മ്മിപ്പിക്കുന്നു.

തനിക്ക് കിട്ടുന്ന വേഷത്തെ അതിന്റെ പരിപൂര്‍ണതയില്‍ എത്തിക്കുന്നതില്‍ എന്നും ഫഹദ്ഫാസില്‍ വിജയിച്ചിട്ടുണ്ട്. മലയന്‍കുഞ്ഞില്‍ അയാളൊരു അസാധ്യനടനെന്ന് ഊട്ടിയുറപ്പിക്കുകയാണ്. ഏതാണ്ട് സിനിമയുടെ രണ്ടാം പകുതിയില്‍ മുഴുവനും അപാരമായ കയ്യടക്കത്തോടെ സൂക്ഷ്മതയോടെ സ്‌ക്രീനില്‍ അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ ഒരുപക്ഷെ അയാള്‍ക്കെ സാധിക്കൂ എന്ന് തോന്നിപ്പിക്കുംവിധമാണ് പെര്‍ഫോമന്‍സ്. രണ്ടാം പകുതി ഫഹദിന്റെ വണ്‍മാന്‍ഷോ തന്നെയാണ് കാണാനാകുക. ദൃശ്യങ്ങള്‍ക്കും, ശബ്ദത്തിനുമാണ് രണ്ടാം പകുതിയില്‍ പ്രാധാന്യം.

29 വര്‍ഷത്തിന് ശേഷമാണ് എ ആര്‍ റഹ്‌മാന്‍ മലയാളത്തില്‍ ഒരു മുഴുനീള ചിത്രത്തിലൂടെ തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും മലയന്‍കുഞ്ഞിനുണ്ട്. യോദ്ധയ്ക്ക് വേണ്ടിയാണ് അദ്ദേഹം അവസാനമായി മലയാളത്തില്‍ സംഗീതം ചെയ്തത്. റഹ്‌മാന്റെ സ്പര്‍ശങ്ങള്‍ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും പ്രേക്ഷക പ്രതീക്ഷകള്‍ക്ക് അപ്പുറം, മികച്ച അനുഭവമാകുന്നു. സംഗീതത്തിലൂടെ വൈകാരികത നേരത്തെയും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാലിവിടെ രണ്ടാംപകുതിയില്‍ വൈകാരികത മാത്രമല്ല കഥയെത്തന്നെ മുന്നോട്ടുനയിക്കുന്നത് റഹ്‌മാന്റെ പശ്ചാത്തലസംഗീതമാണ്. വിസ്മയത്തുമ്പത്തിന് ശേഷം ഫാസില്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് മലയന്‍കുഞ്ഞ്. പതിനെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഫാസിലും, ഫഹദും വീണ്ടും ഒന്നിക്കുകയാണ് മലയന്‍കുഞ്ഞിലൂടെ. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, രജിഷ വിജയന്‍, ദീപക് പുറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ഇര്‍ഷാദ്, ജോണി ആന്റണി, നില്‍ജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ഫഹദിന്റെ അമ്മയായി എത്തിയ ജയ കുറുപ്പും ശ്രദ്ധേയമായ അഭിനയമാണ് കാഴ്ച വച്ചത്.

ചിത്രത്തിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞതുപോലെ അടഞ്ഞ ഇടങ്ങളോടുള്ള ഭയം ഉള്ളവരെ ചിത്രം അസ്വസ്ഥമാക്കാനിടയുണ്ട്. അതില്ലാത്തവരെ പോലും ചിത്രത്തിന്റെ രണ്ടാംപകുതി വീര്‍പ്പുമുട്ടിക്കാനിടയുണ്ട്. ചെറിയൊരു കഥാതന്തുവിനെ മികച്ച തിരക്കഥയില്‍ അസാധ്യ അഭിനയത്തോടെ ദൃശ്യ ശ്രവ്യ മികവില്‍ തീര്‍ത്തൊരു സിനിമയാണ് മലയന്‍കുഞ്ഞ്. സിനിമയെ സ്‌നേഹിക്കുന്നവര്‍ ഈ ചിത്രം തിയേറ്ററിലെത്തി തന്നെ കാണണം.