പൊട്ടിച്ചിരിപ്പിച്ച് മറിയം വന്ന് വിളക്കൂതി: റിവ്യു

ജിസ്യ പാലോറാന്‍

ചിരിപ്പൂരം തീര്‍ത്ത് ജെനിത് കാച്ചപ്പിള്ളി ചിത്രം മറിയം വന്ന് വിളിക്കൂതി. ആദ്യ സിനിമയിലൂടെ തന്നെ മികച്ചൊരു സംവിധായകന്‍ കൂടിയാണ് താനെന്ന് തെളിയിച്ചിരിക്കുകയാണ് ജെനിത്. കോമഡിയും സസ്‌പെന്‍സും നിറച്ചാണ് ചിത്രം എത്തിയിരിക്കുന്നത്. “മറിയം വന്ന് വിളിക്കൂതി” എന്ന ടൈറ്റില്‍ പോലെ തന്നെ വളരെ രസകരമായാണ് ചിത്രവും മുന്നോട്ടുപോകുന്നത്.

ഒരു ചെറിയ വിഷയമാണ് സ്‌ക്രീനിലെത്തിക്കുന്നത് എങ്കിലും ഏറ്റവും മികച്ചതാക്കാന്‍ തന്നെ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. സാഹചര്യത്തിന് അനുസരിച്ചുള്ള രസകരവും കുസൃതിയും നിറഞ്ഞ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളുമാണ് സിനിമ സമ്മാനിക്കുന്ന ഫ്രഷ്‌നസ്. അധികം ലൊക്കേഷനുകളില്ലാതെ സിനിമ ഭംഗിയാക്കി ഒരുക്കി എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. റോണി, ഉമ്മന്‍, കോശി, അഡ്ഡു, ബാലു, ഉണ്ണികൃഷ്ണന്‍ എന്നീ സുഹൃത്തുക്കളുടെ കഥ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.

മറിയാമ്മ എന്ന റിട്ടേര്‍ഡ് ടീച്ചര്‍ ആയെത്തുന്നത് സേതുലക്ഷ്മിയാണ്. മറിയാമ്മ എന്ന കഥാപാത്രം സേതുലക്ഷ്മിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായൊരു ചിത്രം തന്നെയാണ്. പൊലീസ് ഉദ്യോഗസ്ഥനായി എത്തിയ ബൈജുവും കോര്‍പറേറ്റ് കമ്പനിയുടെ എംഡിയായി എത്തിയ സിദ്ധാര്‍ഥ് ശിവയും പിസ ബോയ് ആയെത്തിയ ബേസില്‍ ജോസഫും തങ്ങളുടെ ഭാഗം മികച്ചതാക്കി.

സ്റ്റോണര്‍ ജോണറിലുള്ള കോമഡിയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. “കിളി പോയി” ആയിരുന്നു സ്‌റ്റോണര്‍ ജോണറില്‍ മോളിവുഡില്‍ എത്തിയ അവസാന ചിത്രം. തമാശയുടെ മാരത്തോണ്‍ തന്നെയാണ് സംവിധായകന്‍ സിനിമയില്‍ തീര്‍ത്തിരിക്കുന്നത്. സിനിമയുടെ അവസാനം ലഹരിക്കെതിരെ ഒരു ഉപദേശവും കൂടി പറഞ്ഞുവെക്കുന്നുണ്ട്.

Read more

ആദ്യം മുതല്‍ അവസാനം വരെ എല്ലാം മറന്ന് ചിരിക്കാം എന്ന ഉറപ്പാണ് മറിയം വന്ന് വിളക്കൂതി പ്രേക്ഷകന് സമ്മാനിക്കുന്നത്. “ഇതിഹാസ” സിനിമയുടെ നിര്‍മ്മാതാക്കളില്‍ നിന്നും പുറത്തുവരുന്ന ചിത്രത്തില്‍ സിനോജ് പി. അയ്യപ്പന്റെ ഛായാഗ്രഹണവും വസിം, മുരളി എന്നിവരുടെ സംഗീതവും മികച്ചതാണ്. അപ്പു എന്‍. ഭട്ടതിരിയുടെ എഡിറ്റിങ്ങും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നുണ്ട്.