തനിക്കെതിരെ എത്തിയ വഞ്ചനാക്കേസില്‍ വിശദീകരണവുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ചു കൊണ്ടാണ് ഷാന്‍ റഹ്‌മാനും ഭാര്യയും രംഗത്തെത്തിയിരിക്കുന്നത്. സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഷാന്‍ റഹ്‌മാനും ഭാര്യ സൈറ ഷാനും പ്രതികരിച്ചത്. സംഗീതനിശയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതലേ വെല്ലുവിളികള്‍ നേരിട്ടിരുന്നതായും അതിലൊന്ന് പരാതിക്കാരനായ നിജു രാജ് അബ്രഹാമുമായി ഉണ്ടായ തര്‍ക്കമായിരുന്നുവെന്നും ഷാന്‍ റഹ്‌മാനും ഭാര്യയും പ്രസ്താവനയില്‍ പറഞ്ഞു.
കൊച്ചിയില്‍ ജനുവരി 25ന് നടന്ന സംഗീതനിശയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ഷാന്‍ റഹ്‌മാന്‍ കരാര്‍പ്രകാരമുള്ള 38 ലക്ഷം രൂപ നല്‍കാതെ വഞ്ചിച്ചു എന്നായിരുന്നു പരാതി. സംഗീതനിശയ്ക്ക് ശേഷം ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന തുക നല്‍കാമെന്നാണ് ഷാന്‍ റഹ്‌മാന്‍ ആദ്യം പറഞ്ഞത് എന്നാണ് പരാതിക്കാരന്റെ ആരോപണം. എന്നാല്‍, ബുക്കിങ് വെബ്‌സൈറ്റില്‍ നിന്ന് 38 ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടും തനിക്ക് നല്‍കാനുള്ള പണം നല്‍കിയില്ലെന്നും പരാതിക്കാരന്‍ ആരോപിച്ചിരുന്നു.
പ്രസ്താവന:
View this post on Instagram
ജനുവരി 25ന് നടന്ന ഉയിരേ – ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ടുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്‍ നിജു രാജ് അബ്രഹാം (അറോറ എന്റര്‍ടൈന്‍മെന്റ്) എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു പരാതി ഫയല്‍ ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനു കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രഫഷനലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.
എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയെയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടാന്‍ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്. ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു. നിയമവിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടുത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
ഞങ്ങളുടെ പ്രേക്ഷകരും ടീം അംഗങ്ങളും പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക.