മലയാളികൾക്ക് ബാലഭാസ്ക്കർ ഇന്നുമൊരു നോവാണ്. സംഗീതമെന്നാൽ പാട്ട് മാത്രമാണെന്നും സംഗീതജ്ഞൻ എന്നാൽ പാട്ടുകാരനാണെന്നും ധരിച്ചുവെച്ചിരുന്ന ഭൂരിപക്ഷ സമൂഹത്തിലേക്കാണ് ബാലഭാസ്കർ തന്റെ വയലിനുമായി കയറി വന്നത്. സംഗീത ലോകത്തു നിന്നും ആ വയലിൻ നാദം നിലച്ചിട്ട് ഇന്നേക്ക് 5 വർഷം.
കർണാടക സംഗീതഞ്ജനായ തന്റെ അമ്മാവൻ ബി. ശശികുമാറിൽ നിന്നാണ് ബാലഭാസ്കർ സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ പഠിക്കുന്നത്. ചെറുപ്പം മുതൽ തന്നെ ബാലഭാസ്കർ വയലിനുമായി കൂട്ടായി. സ്വാഭാവികമായും യുവജനോത്സവ വേദികൾ തന്നെയാണ് ബാലഭാസ്കറിലെ പ്രതിഭയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്. മൂന്നാം ക്ലാസിൽ വെച്ചാണ് ഔദ്യോഗികമായി ബാലഭാസ്കർ ഒരു വേദിയിൽ കയറുന്നത്. പിന്നീടങ്ങോട്ട് സമ്മാനങ്ങൾ വാരിക്കൂട്ടിയാണ് ഓരോ വേദിയിൽ നിന്നും ബാല ഭാസ്ക്കർ പടിയിറങ്ങിയിരുന്നത്.
കേരള സർവകലാശാല കലോത്സവത്തിൽ 1993 മുതൽ 1996 വരെ വയലിനിൽ ബാലഭാസ്ക്കർ തന്നെയായിരുന്നു വിജയ്. വയലിൻ എന്ന സംഗീതോപകരണവും ബാലഭാസ്ക്കറും ഒന്നു തന്നെയായിരുന്നു. തന്റെ ആത്മാവ് പോലെയാണ് വയലിൻ എന്ന് കേൾവിക്കാരനെ കൊണ്ട് തോന്നിപ്പിക്കുന്ന മാന്ത്രികത. രണ്ടാം വർഷം ബിരുദത്തിന് പഠിക്കുമ്പോഴാണ് സ്വയം സംഗീതം നിർവഹിച്ച്, പാടി അഭിനയിച്ച മ്യൂസിക് ആൽബം പുറത്തിറക്കിയത്. അതിലൂടെ മാംഗല്ല്യ പല്ലക്ക് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കുള്ള തന്റെ അരങ്ങേറ്റം പതിനേഴാം വയസ്സിൽ ബാല ഭാസ്കർ ഗംഭീരമാക്കി. മലയാള സിനിമയിൽ അതൊരു റെക്കോർഡായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകൻ എന്ന റെക്കോർഡ്.
സൂര്യ ഫെസ്റ്റിവലിന്റെ തീം മ്യൂസികിലൂടെയാണ് ബാലഭാസ്കറിന്റെ പ്രതിഭ സംഗീത ലോകം അറിഞ്ഞു തുടങ്ങിയത്. തന്റെ സംഗീതത്തിൽ, വിട്ടുവീഴ്ചകൾക്ക് തയ്യാറാല്ലാത്തത് കൊണ്ട് തന്നെ സിനിമ എന്ന മേഖലയുമായി ബാല ഭാസ്കർ കൃത്യമായ ഒരു അകലം പാലിച്ചിരുന്നു എന്നു വേണം പറയാൻ.
ഫ്യൂഷൻ സംഗീതത്തിലൂടെ മലയാളി അധികം കേട്ടു ശീലിച്ചിട്ടില്ലാത്ത ഒരു സംഗീത ശാഖ പരിചയപ്പെടുത്തുന്നതിൽ ബാല ഭാസ്കറിന്റെ പങ്ക് വളരെ വലുതാണ്. ബാലഭാസ്കറിന്റെ വയലിൻ എവിടെ കേട്ട് കഴിഞ്ഞാലും അവന്റെ ശബ്ദമായാണ് നമ്മളത് തിരിച്ചറിയുന്നത് എന്ന് പ്രശസ്ത സംഗീതജ്ഞൻ രമേശ് നാരായണൻ ഒരിക്കൽ പറയുകയുണ്ടായി. മലയാളത്തിൽ ഇൻഡിപെന്റെന്റ് മ്യൂസിക് ആദ്യമായി പരീക്ഷിക്കുകയും അതിൽ വിജയിക്കുകയും ചെയ്ത സംഗീതജ്ഞരിൽ ഏറ്റവും മുന്നിൽ തന്നെയാണ് ബാലഭാസ്കറിന്റെ സ്ഥാനം.
കോളേജ് ജീവിതം തന്നെയാണ് ബാല ഭാസ്കറിന്റെ സംഗീത ജീവിതത്തിലെ ഏറ്റവും പ്രധാന അദ്ധ്യായം. ‘കോൺസൻട്രേറ്റഡ് ഇൻ ഫ്യൂഷൻ’ എന്ന ബാന്റിലൂടെ തുടങ്ങിയ ആ സംഗീത യാത്ര പിന്നീട് ബിഗ് ബാന്റ് എന്നതിലൂടെയായി. സ്റ്റേജ് ഷോകളിലൂടെ പിന്നീടങ്ങോട്ട് ബാലഭാസ്കറും അദ്ദേഹത്തിന്റെ പ്രതിഭയും മലയാളികൾക്ക് സുപരിചിതമായി.
ഉസ്താദ് സാക്കിർ ഹുസൈൻ, ശിവമണി, മട്ടന്നൂർ ശങ്കരൻകുട്ടി, കലാമണ്ഡലം ഹൈദരാലി, വിക്കു വിനായക് റാം, ഹരിഹരൻ തുടങ്ങീ ഒട്ടനവധി സംഗീത പ്രതിഭകളുമായി വേദി പങ്കിടാൻ ബാല ഭാസ്കറിനായി. എ. ആർ റഹ്മാനെ വളരെയധികം സ്നേഹിക്കുന്ന ബാല ഭാസ്കർ, എ. ആർ റഹ്മാൻ തന്നെ തിരുവനന്തപുരത്ത് വെച്ച് തിരിച്ചറിഞ്ഞതിനെ പറ്റി എപ്പോഴും പറയാറുണ്ട്. 2008 ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ‘ബിസ്മില്ല ഖാൻ യുവ പുരസ്ക്കാരവും’ ബാലഭാസ്കർ നേടിയിരുന്നു.
2018 ൽ തിരുവനന്തപുരത്തെ പള്ളിപുറത്ത് വെച്ച് നടന്ന ഒരു കാർ അപകടത്തിലാണ് ഭാര്യ ലക്ഷ്മിയെ തനിച്ചാക്കി ബാലഭാസ്ക്കറും മകൾ തേജ്വസിനി ബാലയും ഈ ലോകത്തോട് വിടപറഞ്ഞത്.
Read more
തിരുത്തലുകൾക്കും, ആവർത്തനങ്ങൾക്കും റീ റെക്കോർഡിംഗിനോ പോലും സാധ്യതകൾ ഇല്ലാത്ത ലൈവ് സ്റ്റേജ് ഷോകളിലൂടെ ബാലഭാസ്കർ സംഗീത പ്രേമികളുടെ മനം കവർന്നു എന്നാൽ തന്റെ മരണത്തോടെ സംഗീത ലോകത്ത് ബാലഭാസ്കർ സൃഷ്‌ടിച്ച ശൂന്യത വളരെ വലുതായിരുന്നു. അതിന്നും നികത്തപെടാതെ കിടക്കുന്നു. പക്ഷേ തന്റെ സംഗീതത്തിലൂടെ, ബാലഭാസ്കർ ഇന്നും നമ്മുടെ ഇടയിൽ ജീവിക്കുന്നുണ്ട്. അതെ സംഗീതത്തിന് ഒരിക്കലും മരണമില്ല.