'മാമന്നന്‍' ഒ.ടി.ടിയിലും ഹിറ്റ്; ഫഹദിനെ ഏറ്റെടുത്ത് തമിഴ് പ്രേക്ഷകര്‍, ഹീറോയാക്കി ജാതി വീഡിയോകള്‍!

തിയേറ്ററില്‍ ഓളം തീര്‍ത്ത ‘മാമന്നന്‍’ ഒ.ടി.ടിയില്‍ എത്തിയതോടെ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്. മാമന്നന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി വടിവേലു ആണ് ചിത്രത്തിലെത്തിയത്. വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും വടിവേലു ഏറെ ശ്രദ്ധ നേടിയിരുന്നു.

ഉദയനിധി സ്റ്റാലിന്‍ നായകനായ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് വില്ലനായത്. ജൂണ്‍ 29ന് ആയിരുന്നു മാമന്നന്‍ തിയേറ്ററിലെത്തിയത്. ചിത്രം ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെ ഫഹദ് ഫാസിലിന് വന്‍ കൈയ്യടിയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.

പ്രത്യേകിച്ച് തമിഴരില്‍ നിന്നും. പ്രകടനത്തില്‍ ഉദയനിധിയെയും, വടിവേലുവിനെയുമൊക്കെ ഫഹദ് വളരെ ദൂരം പിന്നിലാക്കിയെന്നാണ് പല പോസ്റ്റുകളും പറയുന്നത്. തങ്ങളുടെ ഹീറോയുടെ ആശയം മുന്നില്‍ നില്‍ക്കണം എന്ന് കരുതി പടം എടുക്കാനാണെങ്കില്‍ ഒരിക്കലും ഫഹദിനെ പ്രതിനായകനാക്കരുത് തുടങ്ങിയ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.

അതേസമയം, ഫഹദ് ഫാസിലിന്റെ രത്‌നവേല്‍ എന്ന കഥാപാത്രത്തെ തങ്ങളുടെ ജാതിയിലേക്ക് എടുത്ത് ചില എഡിറ്റിംഗുകളും വൈറലാകുന്നുണ്ട്. ജാതി സംഘടനകളും, ജാതി രാഷ്ട്രീയവും ശക്തമായ തമിഴകത്ത് ഇത്തരം വീഡിയോകളാണ് വൈറലാകുന്നത്.

പ്രത്യേകിച്ച് തമിഴകത്തെ മുന്‍ജാതി വാദികളാണ് ഇത്തരം വീഡിയോകള്‍ക്ക് പിന്നില്‍ എന്നതാണ് ചര്‍ച്ചയാകുന്നത്. ജാതിയെ വാഴ്ത്തുന്ന പാട്ടുകളില്‍ ഫഹദിന്റെ രംഗങ്ങള്‍ എഡിറ്റ് ചെയ്ത വീഡിയോകള്‍ വൈറലാവുകയാണ്. ചിത്രത്തിലെ ജാതി ചര്‍ച്ചകളും ഇതിനോടൊപ്പം ഉയരുന്നുണ്ട്.