എന്തുകൊണ്ട് ഫഹദിനെ വില്ലനാക്കി?.. ഒടുവില്‍ ഉത്തരവുമായി മാരി സെല്‍വരാജ്

അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷമാണ് വടിവേലു ‘മാമന്നന്‍’ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തില്‍ അസാധ്യ പ്രകടനവുമായി എത്തിയത് നടന്‍ ഫഹദ് ഫാസില്‍ ആണ്. ഫഹദിന്റെ വില്ലന്‍ വേഷം ചിത്രത്തില്‍ നായകനായ ഉദയനിധി സ്റ്റാലിനേക്കാള്‍ പ്രശംസകളാണ് നേടുന്നത്.

ഒരുകാലത്ത് അഭിനയിക്കാന്‍ അറിയില്ലെന്ന് പറഞ്ഞ് പരിഹസിച്ചവരെ കൊണ്ട് കയ്യടിപ്പിച്ച താരമാണ് ഫഹദ്. മാമന്നന്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഫഹദ് ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് ഫഹദിലേക്ക് താന്‍ എത്തിയെന്ന് പറയുകയാണ് സംവിധായകന്‍ മാരി സെല്‍വരാജ്.

ഫഹദിന് സിനിമകളോടുള്ള ആരാധന കണ്ടാണ് മാമന്നനില്‍ പ്രതിനായകനാക്കാന്‍ തീരുമാനിച്ചതെന്നാണ് മാരി പറയുന്നത്. ഒരു തമിഴ് മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ സംസാരിച്ചത്. ഫഹദ് നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുന്ന നടനാണ്.

അദ്ദേഹത്തിന്റെ മലയാള സിനിമകളെ നമ്മള്‍ എങ്ങനെ പിന്തുടരുന്നോ അതുപോലെ തന്നെ അദ്ദേഹം തമിഴ് സിനിമകള്‍ കാണുന്നുണ്ട്. വളരെ വേഗത്തില്‍ ഇടപഴകാന്‍ പറ്റുന്നൊരു ആളാണ് ഫഹദെന്നും ആദ്യമായി കണ്ടപ്പോള്‍ പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത് പോലെയാണ് തോന്നിയതെന്നുമാണ് മാരി സെല്‍വരാജ് പറയുന്നത്.

ജൂണ്‍ 29ന് ആയിരുന്നു മാമന്നന്‍ തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ജൂലൈ 27ന് ഒ.ടി.ടിയിലും ചിത്രം എത്തി. റെഡ് ജയന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധി സ്റ്റാലിന്‍ ആണ് നിര്‍മ്മാണം. കീര്‍ത്തി സുരേഷ് ആണ് നായിക. ലാല്‍, അഴകം പെരുമാള്‍, വിജയകുമാര്‍, രവീണ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.