വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച നൃത്തപരിപാടി അലങ്കോലമായതിൽ പ്രഭു ദേവയയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. പ്രഭു ദേവയുടെ ഗാനങ്ങൾക്കനുസരിച്ച് തുടർച്ചയായി 100 മണിക്കൂർ നൃത്തം ചെയ്യുന്ന ചടങ്ങായിരുന്നു മെയ് രണ്ടിന് ചെന്നൈയിൽ അരങ്ങേറിയത്.

നൃത്തപരിപാടിയിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്ത അയ്യായിരത്തോളം കുട്ടികളെ രാവിലെ മുതൽ തന്നെ സംഘാടകർ വരിനിർത്തി. എന്നാൽ പ്രഭു ദേവ എത്താൻ വൈകിയതോടെ കുട്ടികൾ ചൂടേറ്റ് തളർന്നു വീണു.

ഇതോടുകൂടി രോഷാകുലരായ രക്ഷിതാക്കൾ സംഘാടകരോട് പ്രതിഷേധിക്കുകയും പ്രഭുദേവയെ ചീത്ത വിളിക്കുകയും ചെയ്തിരുന്നു. കൂടാതെ നിരവധി മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്യുകയും പ്രഭു ദേവ ഹൈദരാബാദിൽ സിനിമ ചിത്രീകരണത്തിലാണെന്നും നൃത്തപരിപാടിക്ക് എത്തിലെന്നും അറിയിപ്പ് വന്നു. വലിയ പ്രതിഷേധമാണ് പ്രഭു ദേവയ്ക്കെതിരെ ഉയർന്നുവരുന്നത്.

പ്രതിഷേധങ്ങൾ കനക്കുമ്പോൾ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പ്രഭു ദേവ. “എല്ലാവരുടേയും സ്നേഹത്തിന് നന്ദി പറയുന്നു. ഇതുപോലൊരു പരിപാടിക്ക് വരാൻപറ്റാതിരുന്നതിൽ ഖേദമുണ്ട്. നർത്തകരുടെ മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നു. എല്ലാവരേയും നേരിൽക്കാണാൻ ശ്രമിക്കുന്നുണ്ട്.” എന്നാണ് പ്രഭു ദേവ അറിയിച്ചത്.