'രജനി സാര്‍ കാശ് തിരിച്ചു തരണം', തലൈവര്‍ക്ക് അടിപതറിയോ? 'വേട്ടയ്യന്‍' പ്രേക്ഷക പ്രതികരണം

തലൈവരുടെ ‘വേട്ടയ്യന്‍’ ആവശത്തോടെ ഏറ്റെടുത്ത് ആരാധകര്‍. ചിത്രത്തില്‍ രജനികാന്ത് നിറഞ്ഞാടിയപ്പോള്‍, ഫഹദ് ഫാസിലും തകര്‍ത്തു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആദ്യ 20 മിനിട്ട് രജനികാന്തിന്റെ മാസ് പെര്‍ഫോമന്‍സ് ആണ്. തുടര്‍ന്ന് സിനിമ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഴോണറിലേക്ക് മാറും. അനിരുദ്ധിന്റെ പശ്ചാത്തല സംഗീതവും പാട്ടുകളും ഗംഭീരം എന്ന അഭിപ്രായങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ചില നെഗറ്റീവ് പ്രതികരണങ്ങളും എത്തുന്നുണ്ട്.

”എന്‍കൗണ്ടറുമായി ബന്ധപ്പെട്ട ഒരു ശക്തമായ കഥയാണ്. എന്‍കൗണ്ടര്‍ ആണ് കുറ്റവാളികളെ ഇല്ലാതാക്കാനുള്ള പരിഹാരമെന്ന് പൊലീസുകാര്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും? എന്തായാലും ബ്രില്യന്റ് കണ്‍സപ്റ്റ്. ടിജെ ജ്ഞാനവേലിന്റെ വേഗത്തില്‍ പോകുന്ന തിരക്കഥ. ഛായാഗ്രാഹകന്‍ കതിരിന്റെ മികച്ച ഫ്രെയ്മുകള്‍. രജനികാന്തിന്റെ കരിയറിലെ ഏറ്റവും മികച്ച കണ്ടന്റുള്ള കഥ. രജനിയുടെ മാനറിസങ്ങളും കൊമേഴ്യല്‍ വശവും സംവിധായകന്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. പാട്രിക് എന്ന ടെക്കിയായി എത്തിയ ഫഹദ് ഫാസില്‍ ഗംഭീരം. സൂപ്പര്‍സ്റ്റാറിന്റെ ഒരു മികച്ച പൊലീസ് ചിത്രം. ആരാധകര്‍ക്കും സിനിമാ പ്രേമികള്‍ക്കും വിഷ്വല്‍ ട്രീറ്റ്” എന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം.

”വളരെ ക്രിയേറ്റീവ് ആയ ഓപ്പണിങ് മുതല്‍ സിനിമയുടെ അവസാനം വരെ ജ്ഞാനവേല്‍ തലൈവരെ മാസ് ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലുടനീളം തലൈവര്‍ മാസ്റ്റര്‍ക്ലാസ് അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. വളരെ സങ്കീര്‍ണ്ണമായ വിശദാംശങ്ങളും സംഭാഷണങ്ങളും ഒക്കെയുള്ള രസകരമായ തിരക്കഥ. കതിരിന്റെ ഫ്രെയ്മുകള്‍ ആകര്‍ഷിക്കുന്നതാണ്. അനിരുദ്ധും സ്‌കോര്‍ ചെയ്തിട്ടുണ്ട്. തലൈവര്‍ക്കൊപ്പം ഫാഫയുടെ ബ്രില്യന്റ് പെര്‍ഫോമന്‍സ്. ബിഗ് ബി തികച്ചും അനുയോജ്യമായ കഥാപാത്രം. തലൈവരിനൊപ്പം മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. റിതികയും ദുഷാരയും മഞ്ജു വാര്യരും മികച്ച പെര്‍ഫോമര്‍മാരായി തിളങ്ങുകയും സ്വാധീനം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്” എന്നാണ് എക്‌സില്‍ എത്തിയ ഒരു അഭിപ്രായം.

”സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെയും ഫാഫയുടെയും രംഗങ്ങള്‍ വളരെ രസകരവും ഉന്മേഷദായകവുമാണ്. ഫഹദ് ഫാസിലിനെ ഇത്തരമൊരു കഥാപാത്രത്തില്‍ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം” എന്നാണ് മറ്റൊരു അഭിപ്രായം. ”നെഗറ്റീവുകള്‍ ഒന്നുമില്ല. വേറെ ലെവല്‍.. അടിപൊളി.. നല്ല മെസേജുള്ള രജനിയുടെ പക്കാ കൊമേഴ്യല്‍ ചിത്രം” എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയ ഒരു അഭിപ്രായം. അതേസമയം, ചിലര്‍ നെഗറ്റീവ് അഭിപ്രായങ്ങളുമായും എത്തുന്നുണ്ട്.

”നിരാശ സമ്മാനിക്കുന്ന ചിത്രം. രജനി സാര്‍ ടിക്കറ്റിന്റെ കാശ് തിരിച്ച് തരണം. ജയ് ഭീം സംവിധായകന്റെ ഫ്‌ളോപ്പ് സിനിമ. രജനിയും സംവിധായികയായ മകള്‍ സൗന്ദര്യയും ചേര്‍ന്ന് തിരക്കഥ മോശമാക്കി എന്നാണ് തോന്നുന്നത്” എന്നാണ് സുരേന്ദര്‍ ടിവികെ എന്ന അക്കൗണ്ടില്‍ നിന്നെത്തിയ ഒരു അഭിപ്രായം. ഇതിനൊപ്പം ഒരു പ്രേക്ഷകന്‍ രജനി സാര്‍ ടിക്കറ്റിന്റെ കാശ് തിരിച്ചു തരണം എന്ന വീഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്” എന്നാണ് എക്‌സില്‍ എത്തിയ ഒരു നെഗറ്റീവ് അഭിപ്രായം.

Read more