പ്രളയ ദുരിതത്തെ കേരള ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചു കൊണ്ടിരിക്കുകയാണ്. ജാതിമത ഭേദമന്യേ കേരളക്കര പരസ്പര സഹായ പ്രവര്‍ത്തനങ്ങളുമായി സജീവമായി ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ്. സിനിമാ ടിവി താരങ്ങളും ജനങ്ങള്‍ക്കൊപ്പം നിന്ന് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴിതാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന രീതിയില്‍ ഒരു എപ്പിസോഡ് നീക്കിവെച്ച ഫ്ളവേഴ്സ് ചാനലിലെ “ഉപ്പും മുളകും” പരിപാടിക്ക് അഭിനന്ദനം അറിയിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രശംസ.
“പ്രളയം സൃഷ്ടിച്ച ദുരിതത്തെ അതിജീവിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് എത്ര ചെറിയ സംഭാവനയും ചെറുതല്ല; എത്ര വലിയ സംഭാവനയും വലുതല്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാനാഭാഗത്തു നിന്നും ലഭിക്കുന്ന സംഭാവനകള്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയുള്ള ജനങ്ങളുടെ പ്രതികരണമാണ്. നാടിന്റെ അതിജീവനത്തിന് സഹായം പകരാന്‍ മാധ്യമങ്ങളും രംഗത്തു വരുന്നുണ്ട്.”
“ഫ്ളവേഴ്സ് ചാനലിലെ “ഉപ്പും മുളകും” എന്ന പരിപാടിയുടെ ഒരു എപ്പിസോഡ് നാടിന്റെ ദുരിതാശ്വാസത്തിന് സഹായകമാകും വിധം നീക്കിവെച്ചത് സ്വാഗതാര്‍ഹമാണ്. അതിന്റെ ശില്പികളെ അഭിനന്ദിക്കുന്നു.” മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനൊപ്പം എപ്പിസോഡിന്റെ യൂട്യൂബ് ലിങ്കും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്.