'നിനക്ക് അക്ഷരം അറിയാമോടാ' എന്ന് എന്നോട് ആക്രോശിച്ചു കൊണ്ട് ഗിരീഷ് പുത്തഞ്ചേരി ലാലേട്ടന്റെ മുറിയില്‍ നിന്നും ഇറങ്ങിയപ്പോയി: ബിജു മേനോന്‍

ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയുമായുള്ള പിണക്കത്തിന്റെ കഥ പറഞ്ഞ് നടന്‍ ബിജു മേനോന്‍. മലയാളം പാട്ടുകള്‍ മംഗ്ലീഷ് ആക്കി പാടുന്ന തന്റെ ശീലം നിര്‍ത്തിച്ചത് ഗിരീഷ് പുത്തഞ്ചേരിയാണ് എന്നാണ് ബിജു മേനോന്‍ പറയുന്നത്. ഹരിദ്വാറില്‍ വടക്കുനാഥന്‍ സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ഉണ്ടായ സംഭവമാണ് നടന്‍ കാന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

ഹരിദ്വാറില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ആശ്രമത്തിന്റെ ഗസ്റ്റ് ഹൗസിലായിരുന്നു താമസം. വൈകുന്നേരങ്ങളില്‍ എല്ലാവരും ഒത്തുകൂടുന്ന പതിവുണ്ട്. മിക്കവാറും ലാലേട്ടന്റെ റൂമിലായിരിക്കും. ഇതിനിടയിലാണ് താനൊരു പാട്ട് പാടിയത്. പെട്ടെന്ന് ഗിരീഷ് പുത്തഞ്ചേരിയുടെ മട്ടും ഭാവവും മാറി. തന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി.

‘നിനക്ക് അക്ഷരം അറിയാമോടാ’ എന്ന് ആക്രോശിച്ചു കൊണ്ട് അദ്ദേഹം തനിക്ക് വായിക്കാന്‍ തന്ന എപിജെ അബ്ദുള്‍ കലാമിന്റെ പുസ്തകവും തിരികെ വാങ്ങി മുറിക്ക് പുറത്തിറങ്ങി. താന്‍ പാടിയത് ഗിരീഷ് തന്നെ എഴുതിയ ബാലേട്ടനിലെ ‘ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ…’ എന്ന് തുടങ്ങുന്ന ഗാനമാണ്. പക്ഷേ ഞാന്‍ മംഗ്ലീഷിലാണ് പാടിയത്.

Read more

‘യെസ്റ്റര്‍ഡേ എന്റെ ചെസ്റ്റിലെ സ്മാള്‍ സോയില്‍ ലാമ്പ് ഊതിയില്ലേ…’എന്ന്. ആ പാട്ടിനെ വികൃതമാക്കിയതിന്റെ ദേഷ്യമാണ് അന്ന് ഗിരീഷ് പ്രകടിപ്പിച്ചത്. എന്നാല്‍ പിറ്റേന്ന് അങ്ങനെയൊരു സംഭവം നടന്ന ഭാവം പോലും അദ്ദേഹത്തിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. സൗഹൃദത്തോടെ പെരുമാറി. പക്ഷേ അന്നത്തോടെ പാട്ടുകളെ മംഗ്ലീഷ് വല്‍ക്കരിക്കുന്നത് താന്‍ നിര്‍ത്തി എന്നും ബിജു മേനോന്‍ പറഞ്ഞു.