വിട പറയുന്നത് അവസാന നിമിഷം വരെ സംഗീതത്തെ ഒപ്പം നിർത്തിയ മഹാഗായകൻ

സംഗീതത്തെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി എന്നും നിലനിർത്തിയ മഹാഗായകനായിരുന്നു എസ്പിബി. അവസാന നിമിഷം വരെ ‍ സംഗീതത്തിന് വേണ്ടി അദ്ദേഹം അശ്രാന്തം ജോലി ചെയ്തു കൊണ്ടിരുന്നു.

ചെന്നൈ ആകെ കോവിഡ്  വൈറസ് പിടിമുറിക്കിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് അൽപ്പമെങ്കിലും വിശ്രമിക്കാൻ സാധിച്ചത്.

അദ്ദേഹത്തിന്റെ ജീവിതം മുഴുവൻ അങ്ങനെ തന്നെയായിരുന്നു. ഒറ്റ ദിവസം 21 പാട്ടുകൾ  പാടി ​റെക്കോർഡ്​ ചെയ്​തിട്ടുണ്ട് എസ്പിബി. 1981 ഫെബ്രുവരി എട്ടിന്​ രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെയാണ്​ കന്നഡ സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിനുവേണ്ടി അദ്ദേഹം 21 പാട്ടുകൾ പാടിയത്​.

തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം, തുളു, ഒറിയ, ആസാമി, പഞ്ചാബി തുടങ്ങിയ 16 ഇന്ത്യൻ ഭാഷകളിലെ 40,000 പാട്ടുകളുമായി​ ഏറ്റവും കൂടുതൽ ഗാനങ്ങൾ പാടി ഗിന്നസ് റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.

നാലു ഭാഷകളിലായി മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ആറു തവണ അദ്ദേഹത്തിന് ലഭിച്ചു. 1979-ൽ പുറത്തിറങ്ങിയ കെ. വിശ്വനാഥിന്റെ ശങ്കരാഭരണം എന്ന തെലുങ്ക് ചിത്രത്തിലെ ഓംകാര നാദനു എന്ന ഗാനം എസ്പിബിയെ ആദ്യത്തെ ദേശീയ അവാർഡിന് അർഹനാക്കി. ഏക് ദുജേ കേലിയേ (ഹിന്ദി – 1981), സാഗര സംഗമം (തെലുങ്ക് – 1983), രുദ്രവീണ (തെലുങ്ക് – 1988), സംഗീത സാഗര ഗാനയോഗി പഞ്ചാക്ഷര ഗാവയി (കന്നഡ – 1995), മിൻസാര കനവ് (തമിഴ് – 1996) എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കും ദേശീയ അവാർഡ് ലഭിച്ചു.

ഒടുവിൽ രോഗബാധിതനായി ആശുപത്രിയിലെത്തി നാലാം ദിവസം ശ്വാസതടസം നേരിട്ടു വെന്റിലേറ്റിലേക്കു മാറ്റിയപ്പോഴും അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്ന്   വാർത്തകൾ പ്രചരിച്ചപ്പോഴും.  രോഗത്തെ തോല്പിച്ച് ചുണ്ടിൽ സംഗീതവുമായി  പ്രിയ എസ്പിബി തിരികെ വരുമെന്ന് ഒരു ജനത മുഴുവൻ ഒരേ മനസ്സോടെ ആഗ്രഹിച്ചിരുന്നു. എന്നാൽ എസ്പിബിക്ക് മരണമില്ല. ഗാനങ്ങളിലൂടെ സംഗീതമുളളിടത്തോളം കാലം അദ്ദേഹവും ജീവിക്കും.

Read more

ജ്യോതിസ് മേരി ജോൺ