സുഷമാ സ്വരാജിന്റെ ഇടപെടല്‍; മാര്‍ച്ച് ആദ്യം അറ്റ്ലസ് രാമചന്ദ്രന് ജയില്‍ മോചിതനാകാം

ദുബായ് സെന്‍ട്രല്‍ ജയിലില്‍നിന്നു പ്രവാസി വ്യവസായി അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനത്തിനു വഴിതെളിയുന്നു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണു 27 മാസമായി തടവില്‍ കഴിയുന്ന അദ്ദേഹത്തിനു പുറത്തേക്കുള്ള വാതായനം തുറക്കുന്നത്. മന്ത്രിയുടെ നിര്‍ദേശാനുസരണം യു.എ.ഇ. സര്‍ക്കാരും സെന്‍ട്രല്‍ ബാങ്ക് അധികൃതരുമായി ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി നടത്തിയ കൂടിയാലോചനയാണ് അസാധ്യമെന്നു കരുതിയ മോചനം െകെയെത്തും ദൂരത്തെത്തിച്ചരിക്കുന്നത്.

രാമചന്ദ്രനെ മോചിപ്പിച്ചാല്‍ അദ്ദേഹത്തിന്റെ ആസ്തി വിറ്റ് ബാങ്കിലെ മുഴുവന്‍ ബാധ്യതകളും തീര്‍ക്കാന്‍ നടപടിയെടുക്കാമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നും യു.എ.ഇ. സര്‍ക്കാരിനെ ധരിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ ബാങ്കുകളുടെ കണ്‍സോര്‍ഷ്യവും അബുദാബിയിലെ ബാങ്ക് ഓഫ് ബറോഡ ശാഖയും ദുബായിലെ റിഫ, ബര്‍ ദുബായ്, നായിഫ് എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ നല്‍കിയ വണ്ടിച്ചെക്ക് കേസുകള്‍ ഉടന്‍ തീര്‍പ്പാക്കും. അടുത്തമാസം ആദ്യവാരത്തോടെ രാമചന്ദ്രന്‍ ജയില്‍ മോചിതനാകുമെന്നാണു ദുബായിലെ പ്രവാസി സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍സ് ഫോറത്തിനു ലഭിച്ച വിവരം.

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എം.എല്‍.എയും രാമചന്ദ്രനെ രക്ഷിക്കാനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. രാമചന്ദ്രനുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന ബി.ജെ.പി. എന്‍.ആര്‍.ഐ. സെല്‍ കണ്‍വീനര്‍ ഹരികുമാറാണ് ഈ നേതാക്കളെ ദുബായിലെ സംഭവവികാസങ്ങള്‍ ധരിപ്പിച്ചത്. പ്രവാസി സെല്ലുകളുടെ ചുമതല വഹിക്കുന്ന ആര്‍.എസ്.എസ്. നേതാവും ബി.ജെ.പി. ദേശീയ ജനറല്‍ സെക്രട്ടറിയുമായ റാം മാധവ് ദുബായിലെത്തിയപ്പോള്‍ പ്രശ്‌നം അദ്ദേഹത്തെ സെല്‍ ബോധ്യപ്പെടുത്തി. രാം മാധവിന്റെ നിര്‍ദേശപ്രകാരം കേരളത്തിലെ ബി.ജെ.പി. നേതാക്കള്‍ സുഷമാ സ്വരാജിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ഇതിനുശേഷമാണു മന്ത്രി ഇടപെട്ടത്. പ്രവാസി വ്യവസായി ബി.ആര്‍. ഷെട്ടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇതോടെ വീണ്ടും വഴിതുറന്നു. നേരത്തേ പ്രശ്‌നത്തില്‍ മധ്യസ്ഥശ്രമം നടത്തിയ അദ്ദേഹം ചിലരുടെ സമ്മര്‍ദത്തെത്തുടര്‍ന്നു പിന്നീടു ശ്രമം ഉപേക്ഷിച്ചിരുന്നു.

വണ്ടിച്ചെക്ക് കേസില്‍ ബാങ്കുകള്‍ നല്‍കാനുള്ള പണം നേരിട്ട് നല്‍കാമെന്നു ഷെട്ടി ഏറ്റു. ഇതിനായി മസ്‌കറ്റിലെ ആശുപത്രികള്‍ 100 കോടി രൂപയുടെ കരാറിന് ഏറ്റെടുക്കാന്‍ ഷെട്ടി വീണ്ടും സമ്മതം മൂളി. ബാങ്കുകള്‍ വഴങ്ങാന്‍ യു.എ.ഇ. സര്‍ക്കാരില്‍ സുഷമ ഇടപെട്ടതു തുണയായി. 2015 ഓഗസ്റ്റ് 23 നാണു രാമചന്ദ്രനെ ദുബായ് പോലീസ് വണ്ടിച്ചെക്ക് കേസില്‍ കസ്റ്റഡിയിലെടുത്തത്. അടുത്തനാളില്‍ മോചിതയായ മകള്‍ ഡോ. മഞ്ജുവും അമേരിക്കയിലുള്ള മകനും മോചനശ്രമത്തില്‍ സജീവ പങ്കാളിത്തം വഹിച്ചു.

Read more

ഉന്നത മലയാളി പ്രവാസി വ്യവസായിയുടെയും പ്രമുഖ ജുവലറി ഗ്രൂപ്പിന്റെയും നീരസത്തിനു വിധേയനായി ജയില്‍ മോചനം അസാധ്യമെന്നു കരുതിയിരിക്കെ കേസിലുണ്ടായ പുതിയ വഴിത്തിരിവില്‍ ഭാര്യ ഇന്ദിരാ രാമചന്ദ്രനും കുടുംബാംഗങ്ങള്‍ക്കും ഏറെ ആഹ്ലാദം. മന്ത്രി സുഷമാ സ്വരാജിനും എന്‍.ആര്‍.ഐ. സെല്‍ കണ്‍വീനര്‍ ഹരികുമാറിനും പ്രവാസി സംഘടനകള്‍ക്കും അവര്‍ നന്ദി പറയുന്നു. ജയില്‍ മോചനം സാധ്യമാകണമെങ്കില്‍ ഇനിയും ഏറെ കടമ്പകളുണ്ടെന്ന കാര്യം അവര്‍ക്കറിയാം. ഇന്നത്തെ നിലയില്‍ കുറച്ചു വര്‍ഷം കൂടി ജയിലില്‍ കഴിയേണ്ടി വന്നാല്‍ ജീവനോടെ അദ്ദേഹത്തിനു പുറത്തിറങ്ങാന്‍ കഴിയില്ലായിരുന്നെന്ന് ഇന്ദിര പറഞ്ഞു.