ഫഹദിനെയും അമലയെയും കുടുക്കി: വാഹനനികുതിയില്‍ സര്‍ക്കാരിന് ലോട്ടറി

തിരുവനന്തപുരം: പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ചെയ്ത് നികുതിത്തട്ടിപ്പ് നടത്തിയതിന് സിനിമാ താരങ്ങളുടെ പേരില്‍ കേസെടുത്തപ്പോള്‍ കേരളത്തിലെ മോട്ടോര്‍വാഹന നികുതിവരുമാനത്തില്‍ കുതിപ്പ്.

മറ്റെല്ലാ നികുതിയിനങ്ങളിലും വളര്‍ച്ച കുറഞ്ഞപ്പോള്‍ മോട്ടോര്‍വാഹന നികുതിവരുമാനം 22 ശതമാനം വളര്‍ന്നതായി മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. ഇത് അഭൂതപൂര്‍വമാണ്. “”രണ്ടു മാന്യന്മാരുടെ പേരില്‍ കേസ് വന്നതോടെ എല്ലാവരും വാഹനങ്ങള്‍ കേരളത്തില്‍ത്തന്നെ രജിസ്റ്റര്‍ചെയ്യാന്‍ തുടങ്ങി””-മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. മാതൃഭൂമി ന്യൂസാണ് വി.ഐ.പി. തട്ടിപ്പു”കാര്‍” എന്ന അന്വേഷണ പരമ്പരയിലൂടെ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ചെയ്തുള്ള നികുതിവെട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. സുരേഷ് ഗോപി എം.പി.യെ പോലീസ് ചോദ്യംചെയ്തു. നടി അമലാപോളിനെതിരേയും കേസുണ്ട്.

Read more

അഞ്ചുവര്‍ഷത്തെ വാഹന രജിസ്ട്രേഷന്‍ പരിശോധിച്ച് കേരളത്തിനുപുറത്ത് രജിസ്ട്രേഷന്‍ നടത്തിയ 5000 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോട്ടോര്‍വാഹന നികുതിയിലെ ഈ വളര്‍ച്ചയാണ് കേരളത്തിലെ നികുതിവരുമാനരംഗത്ത് ഇപ്പോഴുള്ള ഏക രജതരേഖയെന്നും മന്ത്രി പറഞ്ഞു.