തന്റെ വരുമാന സ്രോതസുകള്‍ സി പിഎമ്മിന് പരിശോധിക്കാം, വീണാ വിജയന്റെ കമ്പനി രേഖകള്‍ പരിശോധിക്കാന്‍ ധൈര്യമുണ്ടോ? വെല്ലുവിളിച്ച് മാത്യു കുഴല്‍ നാടന്‍

തന്റെ നിയമ സ്ഥാപനത്തിന്റെ വരുമാന സ്രോതസുകള്‍ സി പി എമ്മിന് പരിശോധിക്കാമെന്നും, അതു പോലെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കന്റെ കണക്കുകള്‍ സുതാര്യമായി പരിശോധിക്കാന്‍ അതുപോലെ അവസരമുണ്ടാക്കുമോ എന്നും കോണ്‍ഗ്രസ് എം എല്‍ എ മാത്യു കുഴല്‍നാടന്‍. താന്‍ മൂന്നാറില്‍ സ്ഥലം വാങ്ങിച്ചപ്പോള്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന സി പി എമ്മിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മാത്യുവിന്റെ നിയമസ്ഥാപനത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുകയാണെന്ന ആരോപണവും സി പിഎം ഉന്നയിച്ചിരുന്നു. എന്നാല്‍ 2014 മുതല്‍ താനും തന്റെ നിയമസ്ഥാപനവും നല്‍കുന്ന ആദായ നികുതിയുടെ കണക്കുകള്‍ മാത്യു കുഴല്‍ നാടന്‍ ഇന്നത്തെ തന്റെ പത്ര സമ്മേളനത്തില്‍ പുറത്ത് വിട്ടു. ഇതു പോലെ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ സ്ഥാപനം നികുതിയടച്ചതിന്റെ കണക്കുകള്‍ പുറത്ത് വിടാന്‍ ധൈര്യമുണ്ടോ എന്നും കുഴല്‍നാടന്‍ വെല്ലുവിളിച്ചു.

തോമസ് ഐസക്കിനെ പോലൊരു അന്തസുള്ള കമ്യൂണിസ്റ്റ് നേതാവിന്റെ നേതൃത്വത്തില്‍ തന്റെ സ്ഥാപനത്തിന്റെ ഇടപാടുകള്‍ പരിശോധിപ്പിക്കാന്‍ താന്‍ സന്നദ്ധനാണെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. അതിന് സി പിഎമ്മിന് ധൈര്യമുണ്ടോ എന്നും മാത്യു ചോദിച്ചു.

2001 മുതലാണ് താന്‍ അഭിഭാഷക വൃത്തി തുടങ്ങിയത്. കഴിഞ്ഞ 22 വര്‍ഷമായി താന്‍ അഭിഭാഷക രംഗത്തുണ്ട്. അധ്വാനിച്ചാണ് താന്‍ ജീവിക്കുന്നത്. രക്തം ചീന്തിയാലും വിയര്‍പ്പ് ചീന്തില്ലന്ന നിര്‍ബന്ധബുദ്ധിയുള്ളവരാണ് സി പിഎം നേതാക്കള്‍. തന്റെ സ്ഥാപനം വിദേശപണം വെളുപ്പിക്കാന്‍ വേണ്ടി നടത്തുന്നതാണെന്നാണ് സി പി എം പറഞ്ഞത്. എ്ന്നാല്‍ തന്റെ സ്ഥാപനത്തിന് വിദേശപണം വന്നതെല്ലാം വൈറ്റ്മണിയായിട്ടാണെന്നും മാത്യു കുഴല്‍ നാടന്‍ പറഞ്ഞു.

Read more

ചിന്നക്കനാലില്‍ താന്‍ ഭൂമി വാങ്ങിയത്് സര്‍ക്കാരിന്റെ ഫെയര്‍വാല്യു അനുസരിച്ചുള്ള സ്റ്റാമ്പ് ഡ്യുട്ടി നല്‍കിയാണ്. സര്‍ക്കാര്‍ നിശ്ചയിച്ച ഫെയര്‍ വാല്യു അവിടെ 57,44680 രൂപയാണ്. എന്നാല്‍ എന്നാല്‍ 63 ലക്ഷം രൂപയോളമാണ് സ്റ്റാമ്പ് ഡ്യുട്ടിയില്‍ ഫെയര്‍വാല്യുവായി താന്‍ കാണിച്ചിരിക്കുന്നത്. സര്‍ക്കാരിന് കൂടൂതല്‍ സ്റ്റാമ്പ് ഡ്യുട്ടി നല്‍കിയാണ് താന്‍ ആ സ്ഥലം വാങ്ങിയതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.