ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല, എന്നാല്‍ ഇപ്പോള്‍ പരാതി നല്‍കില്ല: അപര്‍ണ ബാലമുരളി

എറണാകുളം ലോ കോളജില്‍ വിദ്യാര്‍ത്ഥിക്കെതിരെ പരാതി നല്‍കുന്നില്ലെന്ന് നടി അപര്‍ണ ബാലമുരളി. ഇതൊന്നും ഒരു സ്ത്രീയോടു കാണിക്കേണ്ട മര്യാദയല്ല. എന്നാല്‍ ഇതിന്റെ പിന്നാലെ പോകാന്‍ ഇപ്പോള്‍ സമയമില്ല. താന്‍ കാണിച്ച എതിര്‍പ്പ് തന്നെയാണ് തന്റെ മറുപടി എന്നാണ് അപര്‍ണ പറയുന്നത്.

‘തങ്കം’ എന്ന സിനിമയുടെ പ്രചാരണത്തിനായി അപര്‍ണയും സംഘവും എറണാകുളം ലോ കോളജില്‍ എത്തിയപ്പോഴായിരുന്നു സെല്‍ഫി എടുക്കാനാണെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി താരത്തെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. ഒരു സ്ത്രീയുടെ സമ്മതം ചോദിക്കാതെ അവരുടെ ദേഹത്ത് കൈവയ്ക്കുന്നത് ശരിയല്ലെന്ന് ഒരു ലോ കോളജ് വിദ്യാര്‍ഥി മനസിലാക്കിയില്ല എന്നത് ഗുരുതരമാണ്.

കൈപിടിച്ച് എഴുന്നേല്‍പിച്ചത് തന്നെ ശരിയല്ല. പിന്നീടാണ് കൈ ദേഹത്ത് വച്ച് നിര്‍ത്താന്‍ നോക്കിയത്. ഇതൊന്നും ഒരു സ്ത്രീയോട് കാണിക്കേണ്ട മര്യാദയല്ല. താന്‍ പരാതിപ്പെടുന്നില്ല. പിന്നാലെ പോകാന്‍ സമയമില്ലാത്തതാണ് കാരണം. തന്റെ എതിര്‍പ്പ് തന്നെയാണ് ഇപ്പോഴത്തെ മറുപടി. സംഭവം നടന്ന ഉടനെയും പിന്നീടും സംഘാടകര്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തനിക്ക് പരിഭവില്ല എന്നാണ് അപര്‍ണ പറയുന്നത്.

അപര്‍ണയോടൊപ്പം നടന്‍ വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ ബിജിപാലും ചിത്രത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അപര്‍ണയ്ക്ക് പൂവ് സമ്മാനിക്കാന്‍ അടുത്തെത്തിയ വിദ്യാര്‍ഥി അപര്‍ണയുടെ കയ്യില്‍ പിടിച്ചു വലിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. യുവാവ് അപര്‍ണയുടെ തോളില്‍ കയറി പിടിക്കുന്നതും അപര്‍ണ വെട്ടിച്ച് മാറുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്.

Read more

പെരുമാറ്റം നടിക്ക് ഇഷ്ടപ്പെട്ടില്ലെന്നത് തിരിച്ചറിഞ്ഞ വിദ്യാര്‍ഥികളിലൊരാള്‍ പിന്നീട് വേദിയില്‍ വച്ചുതന്നെ അപര്‍ണയോട് ക്ഷമ പറഞ്ഞു. തുടര്‍ന്ന് യുവാവ് വീണ്ടും എത്തുകയും താന്‍ ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല അപര്‍ണയുടെ ഫാന്‍ ആയതുകൊണ്ട് ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതാണെന്നും പറയുന്നുണ്ട്. വീണ്ടും കൈ നീട്ടിയ യുവാവിന് കൈ കൊടുക്കാന്‍ അപര്‍ണ വിസമ്മതിക്കുകയും ചെയ്തു.