ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി

ബംഗ്ലാദേശില്‍ നിന്ന് അനധികൃതമായി കുടിയേറിയ 27 പേര്‍ കൊച്ചിയില്‍ പിടിയിലായി. ആലുവ പൊലീസും തീവ്രവാദ വിരുദ്ധ സേനയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. മുനമ്പത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്. ക്ലീന്‍ റൂറല്‍ എന്ന പേരിട്ട് കൊച്ചിയില്‍ നടത്തുന്ന പരിശോധനയിലാണ് ഇവര്‍ പിടിയിലായിരിക്കുന്നത്.

പിടിയിലായവര്‍ കൊച്ചിയില്‍ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന മുനമ്പത്തെ ലേബര്‍ ക്യാംപില്‍ താമസിച്ച് വരികയായിരുന്നു. സ്ത്രീകളടക്കം പിടിയിലായെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് പരിശോധന തുടങ്ങിയത്.

പിടിയിലായവരില്‍ ചിലര്‍ ഒരു വര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നുണ്ട്. കൂലിപ്പണി ചെയ്താണ് ഇവര്‍ ഉപജീവനത്തിന് പണം കണ്ടെത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.