'ശാന്തനാണ്, മാനസികാസ്വാസ്ഥ്യം ഉള്ളതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല'; പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് മാറ്റിയേക്കും

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് മാറ്റിയേക്കും. മാനസികനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സുനിയെ പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. അവിടെ ആറു പേരുള്ള സെല്ലിലാണ് സുനിയെ പാര്‍പ്പിച്ചത്. ഇയാള്‍ ശാന്തനാണെന്നും അസ്വാസ്ഥ്യമുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നും മാനസികാരോഗ്യ കേന്ദ്രം അധികൃതര്‍ അറിയിച്ചു.

ഇതേ തുടര്‍ന്നാണ് തിരികെ ജയിലിലേക്ക് മാറ്റാനുള്ള ആലോചന. ഇന്നുകൂടി നിരീക്ഷണം തുടര്‍ന്നേക്കും. പള്‍സര്‍ സുനിയെ എന്തുകൊണ്ടാണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത് എന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അക്രമവാസന പോലുള്ള പ്രശ്നങ്ങളില്ലെന്നും മാനസികനില വഷളായ മട്ടിലുള്ള പ്രതികരണങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

ജയിലിലായിരിക്കേ സുനി ഇടയ്ക്ക് മാനസികസമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിച്ചിരുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് സുനിയെ എറണാകുളം സബ്ജയിലില്‍ നിന്ന് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.

Read more

ആരോഗ്യനില മോശമാണെന്ന് കാണിച്ച് പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജ്യാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി അത് തള്ളുകയായിരുന്നു. ജാമ്യഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനായിരുന്നു നിര്‍ദ്ദേശം.