'ഞാന്‍ അത്ര ചീപ്പല്ല'; ഐഎന്‍ടിയുസി - സതീശന്‍ വിഷയത്തില്‍ രമേശ് ചെന്നിത്തല

ഐഎന്‍ടിയുസി വിഷയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഐഎന്‍ടിയുസിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള തര്‍ക്കത്തിന് പിന്നില്‍ താനല്ലെന്നും, ഐഎന്‍ടിയുസിയെ ഇളക്കി വിടാന്‍ താനത്ര ചീപ്പല്ലെന്നും ചെന്നിത്തല ഡല്‍ഹിയില്‍ പറഞ്ഞു.

ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കെപിസിസി പ്രസിഡന്റ് ഇടപെട്ട് ചര്‍ച്ച ചെയ്ത് പരിഹരിക്കും. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ താനല്ല. തന്നെ അറിയാവുന്ന ആരും അത് വിശവസിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സോണിയ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും കഴിയുമെന്ന് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പ്രതികരിച്ചു.

നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ രംഗത്ത് വന്നിരുന്നു. ഐ.എന്‍.ടി.യു.സി കോണ്‍ഗ്രസിന്റെ പോഷക സംഘടന തന്നെയെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. കോണ്‍ഗ്രസുമായി ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പ്രസ്ഥാനമാണ് ഐ.എന്‍.ടി.യു.സി. ഐ.എന്‍.ടി.യു.സിയുടെ ചരിത്രം വേണമെങ്കില്‍ പരിശോധിക്കാമെന്നും, കോണ്‍ഗ്രസും ഐ.എന്‍.ടി.യു.സിയും രണ്ടല്ല എന്നും ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഐ.എന്‍.ടി.യു.സി പോഷക സംഘടന തന്നെയെന്ന് വ്യക്തമാക്കുന്ന രേഖകള്‍ എ.ഐ.സി.സിയുടെ വെബ്‌സൈറ്റില്‍ ഉണ്ട്. ബഹുജന പ്രക്ഷോഭങ്ങളില്‍ സംഘടനയ്ക്ക് പങ്കാളിത്തം ഉണ്ടായിരുന്നു. എല്ലാ കാലത്തും കോണ്‍ഗ്രസ് നേതാക്കള്‍ സംഘടനയുമായി ചേര്‍ന്നു നിന്നവരാണ് എന്ന് നെഹ്‌റു മുതല്‍ സോണിയ ഗാന്ധി വരെയുള്ളവരുടെ വാക്കുകള്‍ ഉദ്ദരിച്ച് ചന്ദ്രശേഖരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ക്ക് വേദന ഉണ്ടാക്കിയെന്നും, പ്രസ്താവന തിരുത്താന്‍ വി.ഡി സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.