നടിയെ ആക്രമിച്ച കേസില്‍ ആക്രമണ ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍ വെച്ചാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ വി വി പ്രതീഷ് കുറുപ്പ്.ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടിട്ടില്ല. അതിന്റെ ഹാഷ് വാല്യു മാറിയത് എങ്ങനെയാണെന്ന് അറിയില്ല. താന്‍ കണ്ടത് പെന്‍ഡ്രൈവിലെ ദൃശ്യങ്ങളാണ്. കോടതിയില്‍ ജഡ്ജി മുന്നില്‍ വെച്ച് പെന്‍ഡ്രൈവ് ലാപ്‌ടോപ്പില്‍ കുത്തിയാണ് ഇത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
താന്‍ വിവോ ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മെമ്മറി കാര്‍ഡിന്റെ ഫോറന്‍സിക് പരിശോധനാ ഫലം ഇന്നലെ ലഭിച്ചിരുന്നു. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന തവണ മാറിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മജിസ്ട്രേറ്റ് കോടതിയിലും ജില്ലാ കോടതിയിലും വിചാരണ കോടതിയിലും മെമ്മറി കാര്‍ഡ് തുറന്നുപരിശോധിച്ചു എന്നാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.
പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ് അവസാനമായി ഫോണിലെ ദൃശ്യങ്ങള്‍ വിചാരണ കോടതിയുടെ അനുമതിയോടെ കണ്ടത്. ആദ്യത്തെ അഭിഭാഷകനെ പള്‍സര്‍ സുനി മാറ്റിയിരുന്നു. പിന്നീടാണ് പ്രതിഷിനെയാണ് അഭിഭാഷകനായി നിയമിച്ചത്. ഇതേ തുടര്‍ന്നാണ് അഭിഭാഷകന്റെ പ്രതികരണം.
2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12: 54 വരെയുളള സമയത്താണ് മെമ്മറി കാര്‍ഡ് അവസാനമായി പരിശോധിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോ ഫോണില്‍ കാര്‍ഡിട്ടാണ് പരിശോധിച്ചത്. വാട്ട്സാപ്പ്, ടെലിഗ്രാം അടക്കമുളള സാമുഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാര്‍ഡ് ഇട്ടതെന്നും പരിശോധനാ ഫലത്തില്‍ പറയുന്നു.
Read more
എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാര്‍ഡിലുള്ളത്. 2018 ജനുവരി 9 ന് കംപ്യൂട്ടറിലാണ് ഈ മെമ്മറി കാര്‍ഡ് ആദ്യം പരിശോധിച്ചത്. 2018 ഡിസംബര്‍ 13നും ഹാഷ് വാല്യൂ മാറിയതായി ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.