യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലെ സന്ദേശം ചോര്‍ന്നത് സംഘടനയ്ക്ക് ഒരിക്കലും ഭൂഷണമല്ലെന്ന് കെ.എസ് ശബരീനാഥന്‍. സംഘടനയാണ് വലുത്, സംഘടനക്കുള്ളില്‍ എന്തെങ്കിലും അഭിപ്രായ വ്യത്യാസം ഉണ്ടെങ്കില്‍ അത് പരിഹരിക്കും. എന്നാല്‍ ഷാഫി പറമ്പിലിനെതിരെ എതിര്‍പ്പുണ്ടെന്ന് തോന്നുന്നില്ലെന്നും ശബരീനാഥന്‍ വ്യക്തമാക്കി.
വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധത്തില്‍ സംഘടന ഒറ്റക്കെട്ടായി മുന്നോട്ട് പോകും. കൃത്യമായി ചോദ്യം ചെയ്യലിനോട് സഹകരിച്ചു. ആഭ്യന്തര വകുപ്പിന് തിടുക്കമാണെന്നും പൊലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് ഒരു വിഭാഗം നീക്കം തുടങ്ങി. വിവരങ്ങള്‍ നിരന്തരമായി ചോര്‍ന്നിട്ടും ഷാഫി ഗൗരവത്തിലെടുക്കുന്നില്ലെന്ന് കാണിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന് പരാതി നല്‍കിയിട്ടുണ്ട്. അച്ചടക്ക ലംഘനം നടത്തുന്നവര്‍ക്കെതിരെ നടപടി എടുക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.
Read more
സ്‌ക്രീന്‍ഷോട്ട് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം തങ്ങള്‍ ഏറ്റെടുക്കാനില്ലെന്നാണ് പരാതി നല്‍കിയവരുടെ അഭിപ്രായം. സംസ്ഥാന നേതൃത്വം അന്വേഷണം നടത്താത്തതിനാല്‍ എല്ലാവരും സംശയത്തിന്റെ നിഴലിലാണ്. ഇങ്ങനെ തുടരാനാവില്ലെന്നാണ് ഒരു വിഭാഗം നേതാക്കള്‍ പറയുന്നത്.