ഉളിക്കലില്‍ കാട്ടാന ഇറങ്ങിയ വഴിയില്‍ മൃതദേഹം കണ്ടെത്തി; മരണം ആനയുടെ ചവിട്ടേറ്റാണെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍ ഉളിക്കലില്‍ കാട്ടാന ഇറങ്ങിയ വഴിയില്‍ മൃതദേഹം കണ്ടെത്തി. ഉളിക്കല്‍ ടൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. നെല്ലിക്കംപൊയില്‍ സ്വദേശി ജോസ് അദൃശ്ശേരിയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസ് ആനയുടെ ചവിട്ടേറ്റ് മരണപ്പെട്ടതാവാമെന്നാണ് സംശയം. കഴിഞ്ഞ ദിവസം ആന പ്രദേശത്ത് ഇറങ്ങിയത് കാണാന്‍ ജോസും ഉണ്ടായിരുന്നതായി സംശയിക്കുന്നു.

അതേ സമയം ഉളിക്കലില്‍ ഇറങ്ങിയ ആന കാട് കയറിയതായി സ്ഥിരീകരിച്ചു. വനപാലകരാണ് ആനയുടെ കാല്‍പ്പാടുകള്‍ നിരീക്ഷിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആന ഉളിക്കല്‍ പ്രദേശത്ത് ഇറങ്ങിയതിനെ തുടര്‍ന്ന് മുന്‍കരുതലിന്റെ ഭാഗമായി ഉളിക്കലില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. ആനയെ കണ്ട് ഭയന്നോടിയ ആറ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

Read more

ആനയിറങ്ങിയതിനെ തുടര്‍ന്ന് വയത്തൂര്‍ വില്ലേജ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഉളിക്കല്‍ ടൗണിലെ പള്ളിയോട് ചേര്‍ന്നുള്ള കൃഷിയിടത്തിലായിരുന്നു ആന നിലയുറപ്പിച്ചിരുന്നത്. തുടര്‍ന്ന് വനം വകുപ്പ് പടക്കം പൊട്ടിച്ചാണ് ആനയെ സ്ഥലത്ത് നിന്ന് മാറ്റിയത്.