പരിശീലനത്തിന് എത്തിയ വനിതാ കായികതാരത്തോട് മോശമായി പെരുമാറി; രണ്ട് പേര്‍ അറസ്റ്റില്‍

കോട്ടയം പാലായില്‍ പരിശീലനത്തിന് എത്തിയ വനിതാ കായികതാരത്തോട് മോശമായി പെരുമാറിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. പാലാ മുനിസിപ്പല്‍ സ്റ്റേഡിയം മാനേജിംഗ് കമ്മിറ്റിയംഗം സജീവ്, പ്രകാശ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് നീന പിന്റുവിനും ഭര്‍ത്താവിനുമാണ് മോശം അനുഭവം ഉണ്ടായത്.

പാലാ മുനിസിപ്പല്‍ സിന്തറ്റിക് ട്രാക്കില്‍ പരിശീലനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. സജീവും പ്രകാശും താരത്തിന്റെ ഒപ്പം നടന്ന് പരിശീലനം തടസപ്പെടുത്തി. ഇത് ചോദ്യം ചെയ്തപ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിക്കുകയായിരുന്നു. തുടര്‍ന്ന് നീന പിന്റും പൊലീസില്‍ പരാതി നല്‍കി.

സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ്് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണവും ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് താരങ്ങള്‍ സ്റ്റേഡിയത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Read more

പ്രതിഷേധത്തെ തുടര്‍ന്ന് പാലാ മുന്‍സിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള നഗരസഭാ അംഗങ്ങള്‍ താരത്തിന് പിന്തുണയുമായി സ്റ്റേഡിയത്തിലെത്തിയിരുന്നു.അതേസമയം മോശമായി പെരുമാറിയിട്ടില്ല എന്നാണ് മാനേജിംഗ് കമ്മിറ്റി അംഗത്തിന്റെ പ്രതികരണം.