ഇതല്ല മാധ്യമപ്രവര്‍ത്തനം; അര്‍ജുന്റെ മകന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ നടപടി; 'മഴവില്‍ കേരളം' ചാനല്‍ ഉടമയെ പിടികൂടാന്‍ പൊലീസ്

അങ്കോലയില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ മകന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ നടപടി. ഇതു മാധ്യമപ്രവര്‍ത്തനമല്ലെന്ന് വ്യക്തമാക്കി ബാലാവകാശ കമീഷനാണ് കേസെടുത്തിരിക്കുന്നത്. ‘മഴവില്‍ കേരളം എക്‌സ്‌ക്ലൂസീവ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് കമീഷന്‍ നിര്‍ദേശം നല്‍കി. ചാനല്‍ ഉടമയ്ക്ക് നാളെ നോട്ടീസ് നല്‍കും. പാലക്കാട് സ്വദേശി സിനില്‍ ദാസ് നല്‍കിയ പരാതിയിലാണ് ബാലാവകാശ കമീഷന്റെ നടപടി.

മനുഷ്യത്വരഹിതമായ ചോദ്യങ്ങള്‍ കുട്ടിയോട് ചോദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. അര്‍ജുന്റെ രണ്ട് വയസ്സുള്ള മകനോട് ചോദ്യങ്ങള്‍ ചോദിച്ചതിനെതിരെ സാമൂഹമാധ്യമങ്ങളില്‍ വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

ജൂലായ് 16നാണ് ഉത്തരകന്നഡയിലെ അങ്കോലക്കടുത്ത് ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനെ (30) കാണാതാകുന്നത്. പതിമൂന്ന് ദിവസം പിന്നിട്ടിട്ടും അര്‍ജുനെയോ അദ്ദേഹം സഞ്ചരിച്ച ലോറിയോ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

അതേസമയം, ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടി തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു. ആവശ്യമായ എല്ലാ ഉപകരണങ്ങളുടെയും സഹായത്തോടെ തിരച്ചില്‍ തുടരണമെന്നും പിണറായി വിജയന്‍ അയച്ച കത്തില്‍ പറയുന്നു.

രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതാണ് കത്ത്. രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും മുഖ്യമന്ത്രി നന്ദിയും അറിയിച്ചു. അതേസമയം പ്രതികൂല കാലാവസ്ഥ എന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തനത്തില്‍ നിന്നും പിന്നോട്ട് പോകുന്നതിനോട് സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് കോഴിക്കോട് പറഞ്ഞു.

യോഗത്തിലെടുത്ത തീരുമാനങ്ങള്‍ മാറ്റുന്നതില്‍ സംസ്ഥാനം അതൃപ്തി അറിയിച്ചിട്ടുണ്ട്. എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ട് പോകുകയാണ്. മീറ്റിങ്ങില്‍ ഒരു കാര്യം പറയുകയും പിറ്റേന്ന് അതില്‍ നിന്നും പുറകോട്ട് പോകുന്നതും ശരിയല്ല. പാന്‍ടൂണ്‍ കൊണ്ടുവരുന്ന കാര്യത്തില്‍ വൈകിട്ട് എടുത്ത തീരുമാനം പിറ്റേന്ന് രാവിലെ മാറ്റി. അതില്‍ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്.

നിലവിലുള്ള കൂടുതല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തണം. നേവല്‍ ബേസിന്‍ സംവിധാനത്തിലെ കൂടുതല്‍ സാധ്യതകള്‍ ഉണ്ട്. കര്‍ണാടക മന്ത്രിമാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യണം. രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ കുടുംബത്തെ അറിയിക്കണമെന്നും പക്ഷേ അങ്ങനെ ഉണ്ടാകുന്നില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.