അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ കുഴഞ്ഞുവീണു; കേസിൽ ഇന്ന് തെളിവെടുപ്പ്

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകകേസ് പ്രതി അഫാൻ ജയിലിൽ കുഴഞ്ഞു വീണു. പാങ്ങോട് സ്റ്റേഷനിലെ സെല്ലിനുള്ളിൽ ഇന്ന് രാവിലെയാണ് കുഴഞ്ഞുവീണത്. പ്രതി ജീവനൊടുക്കാൻ പ്രവണതയുള്ളതിനാൽ കൈവിലങ്ങ് അണിയിച്ചാണ് സെല്ലിനുള്ളിൽ ഇരുത്തിയിരുന്നത്. എന്നാൽ പ്രാഥമിക കൃത്യങ്ങൾക്കായി കൈവിലങ്ങ് അഴിച്ചപ്പോൾ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കുകയായിരുന്നു.

ഉടൻ തന്നെ പ്രതിയെ പ്രാഥമികാരോ​ഗ്യകേന്ദ്രത്തിൽ എത്തിച്ചു. നിലവിൽ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളില്ല എന്നും ഡോക്ടർമാർ പറയുന്നു. രക്തസമർദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു.

മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിച്ചു. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നൽകാൻ ആവശ്യപ്പെട്ടിരുന്നു. അത് നൽകാത്തതിനാലാണ്‌ കൊലപ്പെടുത്തിയതന്നാണ് അഫാൻ പറഞ്ഞത്‌.

അഫാന്റേത് അസാധാരണ പെരുമാറ്റമാണെന്നാണ് പൊലീസിന്റേയും ഡോക്ടർമാരുടേയും വിലയിരുത്തൽ. കനത്ത സുരക്ഷയിലാണ് അഫാനെ ജയിലിൽ പാർപ്പിച്ചിരിക്കുന്നത്. 24 മണിക്കൂറും നിരീക്ഷണത്തിനായി മൂന്ന് ഉദ്യോ​ഗസ്ഥരേയും നിയോ​ഗിച്ചിട്ടുണ്ട്. ഉമ്മ മരിച്ചെന്നാണ് കരുതിയതെന്നും അതിനാലാണ് മറ്റുള്ളവരേയും കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും അഫാൻ ജയിലുദ്യോ​ഗസ്ഥരോട് പറഞ്ഞതായാണ് റിപ്പോർട്ട്.

ഫെബ്രുവരി 24 ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. മുത്തശ്ശി സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഫ്‌സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങൾ. ഇതിന് പിന്നാലെ അഫാൻ വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുകയും ചെയ്തിരുന്നു. എലിവിഷം കഴിച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.