കണ്ണൂര്‍ ഏച്ചൂരില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് കാല്‍നട യാത്രക്കാരി മരിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലെ സിപിഒ ലിതേഷിനെയാണ് സംഭവത്തെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തത്. സിറ്റി പൊലീസ് കമ്മീഷണര്‍ എം അജിത് കുമാറിന്റേതാണ് നടപടി.
മുണ്ടേരി സഹകരണ സംഘം ജീവനക്കാരിയായ ബീനയാണ് അപകടത്തില്‍ മരിച്ചത്. റോഡിന് ഇടതുവശത്തുകൂടി നടന്നുപോയ ബീനയെ പിന്നിലൂടെ അമിത വേഗതയിലെത്തിയ കാര്‍ റോഡിന് പുറത്തിറങ്ങി ഇടിച്ചുവീഴ്ത്തുകയായിരുന്നു. എന്നാല്‍ സംഭവത്തിന് ശേഷം സിപിഒ ലിതേഷ് കാര്‍ നിറുത്താന്‍ തയ്യാറാകാതെ വേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു.
അമിത വേഗതയിലെത്തിയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിന്റെ നടപ്പാതയോട് ചേര്‍ന്ന് നടന്നുപോകുകയായിരുന്ന ബീനയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനം നിറുത്താതെ അമിത വേഗതയില്‍ ഓടിച്ചുപോയ ലിതേഷിനെ നാട്ടുകാര്‍ തടഞ്ഞുനിറുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
Read more
ബീനയെ ഉടന്‍തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഇടിയുടെ ആഘാതത്തില്‍ ബീന അപകടസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.