യാത്ര കണ്‍സെഷന് പ്രായ പരിധി: 17 വയസായി പരിമിതപ്പെടുത്താന്‍ ശിപാര്‍ശ

സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കുള്ള യാത്ര കണ്‍സെഷനില്‍ പ്രായ പരിധി നിശ്ചയിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ. ആനുകൂല്യം ലഭിക്കാനുള്ള പ്രായ പരിധി 17 വയസായി പരിമിതപ്പെടുത്താനാണ് ശിപാര്‍ശ. കണ്‍സെഷന്‍ ബി.പി.എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ആക്കണം. മറ്റ് വിദ്യാര്‍ത്ഥികളില്‍ നിന്ന് സാധാരണ നിരക്ക് ഈടാക്കാനും കമ്മീഷന്‍ ശിപാര്‍ശയില്‍ പറയുന്നു. ബസ് ചാര്‍ജ് വര്‍ദ്ധനയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് നിലവില്‍ കണ്‍സെഷന്‍ അനുവദിക്കുന്നതില്‍ പ്രായ പരിധിയില്ല. ഐ.ഡി കാര്‍ഡ് കാണിക്കുന്നവര്‍ക്ക് കണ്‍സെഷന്‍ ലഭിക്കും. ഇതിന് മാറ്റം വരുത്തി പരാമവധി 17 വയസ് വരെയുള്ളവര്‍ക്ക് ഇളവ് നല്‍കിയാല്‍ മതിയെന്നാണ് കമ്മീഷന്‍ പറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മിനിമം ചാര്‍ജ് 10 രൂപയാക്കാനും, ഇതിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും ഒരു രൂപയാക്കാനും ശിപാര്‍ശ ചെയ്തിരുന്നു. നിലവില്‍ ഇത് 70 പൈസയാണ്. കണ്‍സെഷന്‍ നിരക്ക് അഞ്ച് രൂപയാക്കാനായിരുന്നു ശിപാര്‍ശ. റേഷന്‍ കാര്‍ഡ് അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ നല്‍കണമെന്നും, ബി.പി.എല്ലുകാര്‍ക്ക് സൗജന്യ യാത്ര അനുവദിക്കണമെന്നും മിനിമം ചാര്‍ജ് 5 രൂപ ആക്കണമെന്നുമാണ് സര്‍ക്കാര്‍ നയം.

Read more

അതേസമയം വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് 6 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി വന്ന ശേഷം തീരുമാനം എടുക്കും.