കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനം; ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാന്‍ നീക്കം; മഹാരാഷ്ട്രയുടെ ചുമതല നല്‍കാനൊരുങ്ങി നേതൃത്വം

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയുടെ അതൃപ്തി ഒഴിവാക്കാൻ ശ്രമവുമായി കോൺഗ്രസ് നേതൃത്വം. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമായി ഉള്‍പ്പെടുത്താത്തില്‍ ചെന്നിത്തല അതൃപ്തിയിലെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരം തേടി നേതൃത്വം ഇറങ്ങുന്നത്.

ചെന്നിത്തലയ്ക്ക് മഹാരാഷ്ട്രയുടെ ചുമതല നല്‍കാനാണ് നീക്കം. അന്തിമ തീരുമാനം ഉടനുണ്ടാകും. പ്രവര്‍ത്തക സമിതി പ്രഖ്യാപനത്തിന് പിന്നാലെയുള്ള എ.ഐ.സി.സി പുനഃസംഘടനയിലും പ്രഖ്യാപനം ഉടനുണ്ടാകും. താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതല ഒഴിയുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 39 അംഗ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും 3 നേതാക്കള്‍ ഇടംപിടിച്ചു. കെസി വേണുഗോപാല്‍, ശശി തരൂര്‍, എകെ ആന്റണി എന്നിവരാണ് പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്.രമേശ് ചെന്നിത്തല സ്ഥിരം ക്ഷണിതാവായും കൊടിക്കുന്നില്‍ സുരേഷ് പ്രത്യേക ക്ഷണിതാവായും പ്രവര്‍ത്തക സമിതിയില്‍ ഇടംപിടിച്ചു.

19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍.എന്നാൽ അതുണ്ടായില്ല. പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല.

സച്ചിൻ പൈലറ്റും പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മനീഷ് തിവാരിയും, കനയ്യ കുമാറും, സ്ഥിരം ക്ഷണിതാക്കൾ. ജി 23 നേതാക്കളും പ്രവർത്തക സമിതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. 32 സ്ഥിരം ക്ഷണിതാക്കളും, ഒൻപത് പ്രത്യേകക്ഷണിതാക്കളുമാണ് ഉള്ളത്.