രാജ്യദ്രോഹ കേസ്: കവരത്തിയിൽ എത്തിയാൽ അറസ്റ്റിന് സാദ്ധ്യത, മുൻകൂർ ജാമ്യാപേക്ഷ നൽകി ഐഷ സുല്‍ത്താന

രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ആക്ടിവിസ്റ്റും ചലച്ചിത്ര പ്രവർത്തകയുമായ ഐഷ സുൽത്താന മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. കേസ് നാളെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  താൻ കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാദ്ധ്യത ഉണ്ടെന്ന് ഹർജിയിൽ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും.

താന്‍ ഒരിക്കലും രാജ്യത്തിനെതിരായി പ്രസ്താവന നടത്തിയിട്ടില്ല. ദ്വീപില്‍ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് പ്രഫുല്‍ ഗോഡാ പട്ടേലിന് വിമര്‍ശിക്കുകയാണ് ചെയ്തതെന്നും ജാമ്യാപേക്ഷയില്‍ ഐഷ വ്യക്തമാക്കുന്നു. കേസില്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കാന്‍ കാരണമെന്നും അഭ്യൂഹങ്ങളുണ്ട്. നേരത്തെ ഐഷ സുല്‍ത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം നിലനില്‍ക്കില്ലെന്ന് മുതിര്‍ന്ന അഭിഭാഷകര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ സന്ദർശന ദിനമായ ഇന്ന് ലക്ഷദ്വീപിൽ സേവ് ലക്ഷ്ദ്വീപ് ഫോറം കരിദിനം ആചരിക്കുകയാണ്. വീടുകളിൽ കറുത്ത കൊടി ഉയർത്തിയും കറുത്ത മാസ്ക് അണിഞ്ഞുമാണ് പ്രതിഷേധം. എന്നാൽ കരിങ്കൊടി വീടുകളിൽ ഉയർത്തിയതിനെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. പ്രഫുല്‍ പട്ടേല്‍ ജൂണ്‍ 20 വരെ ലക്ഷദ്വീപില്‍ തുടരും. അഗത്തിക്കുപുറമെ രണ്ട് ദ്വീപുകളും ഈ ദിവസങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ സന്ദര്‍ശിക്കും. എല്ലാ ഉദ്യോഗസ്ഥരും ഫയലുകളും ഹാജരാക്കണമെന്നും ഫാക്‌സ് വഴി ആവശ്യപ്പെട്ടിട്ടുണ്ട്.