എകെജി സെന്ററിന് നേരെ ബോംബേറുണ്ടായ സംഭവത്തില്‍ ഉടന്‍ പിടികൂടുമെന്ന് എഡിജിപി വിജയ് സാഖറെ. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം നടത്തുകയാണ്. പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം ഒരാള്‍ മാത്രമാണ് അക്രമത്തില്‍ പങ്കെടുത്തതെന്നാണ് കരുതുന്നത്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുംമെന്നും വിജയ് സാഖറെ പറഞ്ഞു.
അതേസമയം ആക്രമണത്തിനുപയോഗിച്ചത് പടക്കം പോലുള്ള വസ്തുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസ്സിലായത്. പരിശോധന നടന്നു വരികയാണ്. ബൈക്കിലെത്തിയ ആളാണ് ഇന്നലെ രാത്രി എ.കെ.ജി സെന്ററിനുനേരെ ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. വണ്ടിയുടെ നമ്പരോ ബോംബ് എറിഞ്ഞ ആളിന്റെ മുഖമോ സിസിടിവി ദൃശ്യത്തില്‍ വ്യക്തമല്ല. ആക്രമണ സമയത്ത് പ്രധാന ഗേറ്റില്‍ പൊലീസുണ്ടായിരുന്നെന്ന് ഓഫിസ് സെക്രട്ടറി പറഞ്ഞിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്നും കമ്മിഷണര്‍ അറിയിച്ചു.
ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് എല്‍ഡിഎഫ് ആരോപണം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തള്ളി. എകെജി സെന്ററിനു നേരെയുണ്ടായ ആക്രമണം എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ നാടകമെന്ന് കെ സുധാകരന്‍ പറഞ്ഞു. എന്നാല്‍ സുധാകരന്റെ ആരോപണം പരിഹസിച്ച് തള്ളുന്നുവെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു. കോണ്‍ഗ്രസാണിത് ചെയ്തതെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. അതിന് കോണ്‍ഗ്രസ് നടത്തുന്ന അക്രമ സംഭവങ്ങളും കോണ്‍ഗ്രസിനെക്കുറിച്ചുള്ള പ്രാഥമികമായ അറിവും വിലയിരുത്തിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്റര്‍ ആക്രമണത്തിനെതിരെ തിരുവനന്തപുരത്ത് സിപിഎം സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read more
കേരളത്തില്‍ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ലക്ഷകണക്കിന് ആളുകളാണ് എകെജി സെന്ററിനെ അവരുടെ ഹൃദയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. അത്തരമൊരു പാര്‍ട്ടി ആസ്ഥാനം ആക്രമിച്ചാല്‍ വലിയൊരു വികാരം ഉണ്ടാകും. അത് കേരളം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കഴിയും. അതാണ് അവരുടെ ലക്ഷ്യം. അതുകൊണ്ട് തങ്ങള്‍ കനത്ത ജാഗ്രത പാലിക്കുകയാണ്. നാടിന്റെ സമാധാനം കാക്കാന്‍ തങ്ങള്‍ എല്ലാം സഹിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.