വയനാട് പുനരധിവാസത്തിന് ഉപാധികളോടെ പണം അനുവദിച്ചത് അന്യായമെന്ന് ടി സിദ്ദിഖ് എംഎൽഎ. കേന്ദ്രത്തിന്‍റേത് ജന്മിസ്വഭാവമാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. അതേസമയം ഇത് വരെ കേന്ദ്രം വയനാടിനോട് കാണിച്ചത് മനുഷ്യത്വരഹിതമായ സമീപനമാണെന്നും ടി സിദ്ദിഖ് എംഎൽഎ വിമർശിച്ചു. കേന്ദ്ര സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. ഉപാധി ഇല്ലാത്ത പണം അനുവദിക്കുമെന്നാണ് കരുതിയതെന്നും ടി സിദ്ദിഖ് പറഞ്ഞു.
50 വര്‍ഷം കൊണ്ട് തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് 529.50 കോടി വായ്പ അനുവദിച്ച കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായാണ് ടി സിദ്ദിഖ് എംഎൽഎ രംഗത്തെത്തിയത്. ഉപാധികളോടെ പണം അനുവദിച്ചത് തികഞ്ഞ അന്യായമാണെന്ന് ടി സിദ്ദിഖ് പറഞ്ഞു. 529 കോടി തിരിച്ച് അടക്കണം എന്ന് ഒരു ദുരന്തത്തിൽ അകപ്പെട്ട സാംസ്ഥാനത്തോട് പറഞ്ഞത് ഒരു ദേശീയ സർക്കാരിന് ചേർന്നതല്ല. കേന്ദ്രം കാണിച്ചത് ജന്മിയുടെ സ്വഭാവമാണ്. കേന്ദ്ര സമീപനം ഫെഡറലിസത്തിന് നിരക്കാത്തതാണെന്നും ടി സിദ്ദിഖ് കുറ്റപ്പെടുത്തി. ഉപാധി ഇല്ലാത്ത പണം അനുവദിക്കുമെന്നാണ് കരുതിയത്. കേരളം ഒറ്റക്കെട്ടായി ഈ സമീപനം മാറ്റുന്നതിനായി നിലപാട് സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായമാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്. അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല.