'നേരത്തെയും വലിയ മീനുകളെ ചൂണ്ടയിട്ട് പിടിച്ചിട്ടുള്ള ആളാണ് ഞാന്‍'; തേവര ഫെറിയില്‍ കണ്ണന്താനത്തിന്റെ ഭാഗ്യപരീക്ഷണം

തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുന്നതിനിടയില്‍ ചൂണ്ടയിടല്‍ കമ്പവുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. നാലാംവട്ട തിരഞ്ഞെടുപ്പ് പര്യടനം തേവര ഫെറിയില്‍ എത്തിയപ്പോഴാണ് കണ്ണന്താനത്തിന്റെയുള്ളിലെ ചൂണ്ടയിടല്‍ കമ്പം പുറത്തു ചാടിയത്.

തേവര ഫെയറിയില്‍ എത്തിയ സ്ഥാനാര്‍ത്ഥി അവിടെ വെച്ച് ചൂണ്ട വാങ്ങി കായലില്‍ ഒരു ഭാഗ്യപരീക്ഷണത്തിനൊരുങ്ങി. ഇതിനിടയിലായിരുന്നു മീന്‍ പിടുത്തത്തിലും താനൊട്ടും പിറകില്‍ അല്ലെന്നു തെളിയിക്കാന്‍, താനിത് ആദ്യമായൊന്നുമല്ല, നേരത്തെയും വലിയ മീനൊക്കെ ചൂണ്ടയിട്ടു പിടിച്ചിട്ടുണ്ടെന്നു അല്‍ഫോന്‍സ് കണ്ണന്താനം ചുറ്റുമുണ്ടായിരുന്നവരോടായി പറഞ്ഞത്.

Read more

ഇന്നലെ രാവിലെ അയ്യപ്പന്‍കാവ് അമ്പലനടയില്‍ നിന്നാണ് കണ്ണന്താനത്തിന്റെ നാലാം വട്ട പര്യടനം ആരംഭിച്ചത്. ഇന്ന് പെസഹ വ്യാഴ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തശേഷം രാവിലെ എട്ടിന് ചമ്പക്കരയില്‍ നിന്ന് കണ്ണന്താനത്തിന്റെ തൃക്കാക്കര മണ്ഡലം പര്യടനം ആരംഭിക്കും.