പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ നടന്നത് ദൗര്‍ഭാഗ്യ സംഭവം; രാഷ്ട്രീയനിറം നല്‍കരുതെന്ന് എസ്.എഫ്.ഐ

പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവമായി ബന്ധപ്പെട്ട് വസ്തുതകളെ വളച്ചൊടിച്ച് എസ്.എഫ്.ഐയെ ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയും സെക്രട്ടറി പി.എം ആര്‍ഷോയും

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കോളേജ് നടത്തിയ പ്രാഥമികാന്വേഷണത്തിലും, പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിലും ആത്മഹത്യ ചെയ്തതിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാര്‍ത്ഥി മര്‍ദ്ദിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. പ്രസ്തുത വിഷയത്തില്‍ 12 വിദ്യാര്‍ത്ഥികളെ കോളേജ് സസ്‌പെന്‍ഡ് ചെയ്ത ഉടന്‍ തന്നെ യൂണിറ്റ് കമ്മിറ്റി യോഗം ചേര്‍ന്ന് അതില്‍ ഉള്‍പ്പെട്ട 4 എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംഘടനയില്‍ നിന്ന് പുറത്താക്കിയതാണ്.

വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പ്രസ്താവന ഇറക്കുകയും ചെയ്തു. ഇതെല്ലാം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമാണ് കിട്ടിയ അവസരം ഉപയോഗിച്ച് എസ്.എഫ്.ഐയെ വേട്ടയാടാനും, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടന്ന സംഘര്‍ഷത്തിന് രാഷ്ട്രീയനിറം നല്‍കാനും ചില കേന്ദ്രങ്ങളില്‍ നിന്ന് ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നത്.

ധീരജ് രാജേന്ദ്രനെ കൊലചെയ്ത ക്രിമിനലുകളെ ഇടവും വലവും നിറുത്തിയാണ് പ്രതിപക്ഷ നേതാവും, കെ.എസ്.യുവും എസ്.എഫ്.ഐക്ക് ഒരു പങ്കുമില്ലാത്ത വിഷയത്തില്‍ എസ്.എഫ്.ഐയുടെ ചോര കുടിക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം പ്രശ്‌നങ്ങളില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കും സംരക്ഷണം കൊടുത്ത പാരമ്പര്യം എസ്.എഫ്.ഐക്ക് ഇല്ല, ഇനിയൊരാളെയും സംരക്ഷിക്കാന്‍ എസ്.എഫ്.ഐ ഉദ്ദേശിക്കുന്നുമില്ല. ക്യാമ്പസുകളില്‍ എന്തിന്റെ പേരിലായാലും ഒരു വിദ്യാര്‍ത്ഥി ആക്രമിക്കപ്പെടുന്നതും, ആത്മഹത്യ ചെയ്യുന്നതുമെല്ലാം ദൗര്‍ഭാഗ്യകരവും, എസ്.എഫ്.ഐക്ക് അംഗീകരിക്കാന്‍ കഴിയാത്തതുമാണ്.

Read more

ആയതിനാല്‍ വയനാട് വെറ്ററിനറി സര്‍വകലാശാല ക്യാപസില്‍ നടന്ന സംഘര്‍ഷത്തെ സംബന്ധിച്ചും, വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ സത്യങ്ങളും പുറത്ത് കൊണ്ടുവരണമെന്നും, ഒരു വിദ്യാര്‍ത്ഥിയുടെ മരണം കേവല രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉപയോഗിക്കുന്ന പ്രവര്‍ത്തനം വലതുപക്ഷ സംഘടനകള്‍ അവസാനിപ്പിക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആര്‍ഷോ എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.