ബിജെപി വക്താവ് സന്ദീപ് ജി വാര്യരുടെ വീട്ടിൽ അജ്ഞാതൻ അതിക്രമിച്ചു കയറിയതായി പരാതി. ഇന്ന് പുലർച്ചെ പ്രായമായ അച്ഛനും അമ്മയും താമസിക്കുന്ന ചെത്തല്ലൂരിലെ വീട്ടിൽ അതിക്രമിച്ച് കയറിയ അപരിചതൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ ലഭിച്ചു എന്ന് സന്ദീപ് ജി വാര്യർ ഫെയ്‌സ്ബുക്കിൽ അറിയിച്ചു . വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛൻ പോലീസിൽ പരാതി നൽകിയിട്ടുണ്ട് എന്നും സന്ദീപ് പറഞ്ഞു.
ഹലാൽ വിവാദവുമായി ബന്ധപ്പെട്ട് ബിജെപി നിലപാടുകളെ തള്ളി ഇന്നലെ സന്ദീപ് രംഗത്തുവന്നത് വലിയ ചർച്ചയായിരുന്നു. സംഘപരിവാർ അനുകൂലികൾ സന്ദീപിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അസഭ്യവർഷം നടത്തുന്നുണ്ട്. അതിനിടെ സന്ദീപ് വാര്യരോട് മറുപടി പറയാനില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നു. ‘കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. ഹലാല്‍ സംസ്‌കാരത്തിന് പിന്നില്‍ യാദൃശ്ചികമല്ല കൃത്യമായ അജണ്ടയുണ്ട്.’ എന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.
ബിജെപി വക്താവായ സന്ദീപ് വാര്യരുടെ നിലപാട് സംഘപരിവാറിന്റെ ഹലാല്‍ ഹോട്ടല്‍ ബഹിഷ്‌കരണത്തെ പൂര്‍ണമായും തള്ളിക്കളയുന്നതാണ്. ഹിന്ദുവിനും ക്രിസ്ത്യാനിക്കും മുസല്‍മാനും പരസ്പരം സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിക്കൊണ്ട് ഈ നാട്ടില്‍ ജീവിക്കാനാവില്ലെന്ന കാര്യം എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത് എന്നാണ് സന്ദീപ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഒരു മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും. എന്നാല്‍ ഒരു സ്ഥാപനം തകര്‍ന്നാല്‍ പട്ടിണിയിലാവുന്നത് എല്ലാ വിഭാഗങ്ങളിലും പെട്ട മനുഷ്യരാണ്. അവിടേക്ക് പച്ചക്കറി നല്‍കിയിരുന്ന വ്യാപാരി, പാല്‍ വിറ്റിരുന്ന ക്ഷീരകര്‍ഷകന്‍, പത്ര വിതരണം നടത്തിയിരുന്ന ഏജന്റ് ഇവരൊക്കെ ഒരേ സമുദായക്കാരാവണം എന്നുണ്ടോയെന്നും അദ്ദേഹം സംസ്ഥാന നേതൃത്വത്തോട് ചോദിക്കുന്നു.
Read more
തന്റെ വ്യക്തിപരമായ നിരീക്ഷമാണിത് എന്ന വാദത്തോടെയാണ് സന്ദീപിന്റെ പോസ്റ്റ് തുടങ്ങുന്നത്. ഓരോ സ്ഥാപനവും കെട്ടിപ്പടുത്തതിന് പിന്നില്‍ എത്ര കാലത്തെ അധ്വാനവും പ്രയത്‌നവും ഉണ്ടാവും? ഉത്തരവാദിത്വമില്ലാത്ത ഒരൊറ്റ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇല്ലാതാകുന്നത് ഒരു മനുഷ്യായുസ്സിന്റെ പ്രയത്‌നമാകാമെന്നും അദ്ദേഹം പറയുന്നു. ഹലാല്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.